ബാറ്റ്മാൻ, ടോപ് ഗൺ സിനിമകളിലെ പ്രിയ താരം; ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു

കാൻസർ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. പക്ഷേ 2021-ൽ ടോം ക്രൂയിസിന്റെ 'ടോപ്പ് ഗൺ: മാവെറിക്ക്' എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു

dot image

ബാറ്റ്മാൻ ഫോറെവർ, ടോപ് ഗൺ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസില്‍ വച്ചാണ് നടന്‍ അന്തരിച്ചത്. 65 വയസായിരുന്നു. ന്യുമോണിയയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൾ മെഴ്‌സിഡസ് കിൽമർ മാധ്യമങ്ങളോട് അറിയിച്ചു. 2014-ൽ നടന് തൊണ്ടയിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയെങ്കിലും അത് സുഖം പ്രാപിച്ചിരുന്നു.

1984-ൽ 'ടോപ്പ് സീക്രട്ട്' എന്ന ചിത്രത്തിലൂടെയാണ് വാൽ കിൽമർ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'ടോപ്പ് ഗൺ', 'റിയൽ ജീനിയസ്', 'വില്ലോ', 'ഹീറ്റ്', 'ദി സെയിന്റ്' എന്നീ ഹിറ്റ് സിനിമകളിൽ അദ്ദേഹം വേഷമിട്ടു. 1991-ൽ ഒലിവർ സ്റ്റോണിന്റെ 'ദി ഡോർസ്' എന്ന സിനിമയില്‍ ഗായകനായ മോറിസണെ അവതരിപ്പിച്ചതാണ് വാൽ കിൽമറിൻ്റെ കരിയറിലെ തന്നെ മികച്ച വേഷമായി കരുതപ്പെടുന്നത്. ഒരു വർഷത്തോളം ഇതിഹാസ ഗായകനെ അനുകരിച്ച ശേഷമാണ് വാൽ കിൽമർ ഈ വേഷം ചെയ്തത്.

കാൻസർ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. പക്ഷേ 2021-ൽ ടോം ക്രൂയിസിന്റെ 'ടോപ്പ് ഗൺ: മാവെറിക്ക്' എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആ വർഷം അവസാനം, അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി 'വാൽ' എന്ന ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു.

Content Highlights: Actor Val Kilmer dies of pneumonia at 65

dot image
To advertise here,contact us
dot image