
May 19, 2025
07:29 AM
ഇസ്‌ലാമാബാദ്: അതിർത്തികളിലെ തീവ്രവാദം, ഭീകരാക്രമണം, വിഘടനവാദം എന്നിവ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഉത്തേജിപ്പിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇസ്‌ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലായിരുന്നു രാജ്യങ്ങൾ തമ്മിലുണ്ടാകുന്ന മൂന്ന് തിന്മകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം. പാക്കിസ്താനുള്ള പരോക്ഷ മുന്നറിയിപ്പ് കൂടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള പ്രതിബദ്ധത ശക്തമായാൽ മാത്രമേ പരിശ്രമങ്ങൾ വിജയം കാണൂ. തീവ്രവാദം. ഭീകരാക്രമണം, വിഘടവാദം എന്ന മൂന്ന് ദുഷ്ട ശക്തികളെ തടയാത്ത പക്ഷം രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, കണക്ടിവിറ്റി, ജനങ്ങളുമായുള്ള ആശയവിനിമയം എന്നിവയെ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. വിശ്വാസം നഷ്ടപ്പെടുകയും, സഹകരണം ഇല്ലാതാകുകയും, നല്ല അയൽപക്കങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നുവെന്ന് തോന്നിയാൽ ആത്മപരിശോധന നടത്താനും പരിഹരിക്കാനുമുള്ള അവസരമുണ്ട്. ചാർട്ടറിനോട് സത്യസന്ധമായ പ്രതിബദ്ധതയുണ്ടായാൽ മാത്രമേ അത് അവകാശപ്പെടുന്ന സഹകരണം പൂർണമായും മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒൻപത് വർഷത്തിന് ശേഷമാണ് പാക്ക് മണ്ണിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയെത്തുന്നത്. സുഷമാ സ്വരാജാണ് ഇതിന് മുൻപ് പാക്കിസ്താൻ സന്ദർശിച്ച വിദേശകാര്യമന്ത്രി.
Content Highlight: S Jaishankar's veiled swipe against Pakistan