സി ഡിറ്റിലെ ജാതി അധിക്ഷേപ കേസ്; ഭരണാനുകൂല യൂണിയൻ നേതാവിൻ്റെ അറസ്റ്റിന് മടിച്ച് പൊലീസ്

ആറ് വർഷമായി ജാതി പേര് വിളിച്ച് അപമാനിക്കുന്നുവെന്ന് പരാതിക്കാരി

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് സി ഡിറ്റിലെ ജീവനക്കാരിയെ ജാതി അധിക്ഷേപം നടത്തിയെന്ന കേസിൽ സീനിയർ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. സിഐടിയു അംഗത്തിന്റെ അറസ്റ്റ് വൈകുന്നത് രാഷ്ട്രീയ സമ്മർദ്ദം മൂലമെന്നാണ് ആരോപണം. യൂണിയൻ വൈസ് പ്രസിഡൻ്റും സീനിയർ ഉദ്യോഗസ്ഥയുമായ പ്രേം സുജയ്ക്കെതിരായാണ് ജാതി അധിക്ഷേപം നടത്തിയതായി പരാതി.

ആറു വർഷമായി പ്രേം സുജ സഹപ്രവർത്തകയെ ജാതി പേര് വിളിച്ച് അധിക്ഷേപിക്കുന്നതായാണ് പരാതി. 2022 ഡിസംബറിൽ സി ഡിറ്റ് സ്ഥാപക ദിനാഘോഷത്തിൽ ഉടുത്ത വസ്ത്രവും ജാതിയും ചേർത്ത് സീനിയർ ഉദ്യോഗസ്ഥ പരാതിക്കാരിയെ പരസ്യമായി അവഹേളിച്ചു. സഹികെട്ട് സ്ഥാപനത്തിലെ ലാബ് അസിസ്റ്റന്റായ പരാതിക്കാരി, സഹപ്രവർത്തകയും യൂണിയൻ നേതാവുമായ പ്രേം സുജയ്ക്കെതിരെ പരാതി നൽകിയത്.

സി ഡിറ്റിലെ സിഐടിയു അഫിലിയേറ്റഡ് സംഘടനായ എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആണ് പ്രേം സുജ. മ്യുസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിന് യൂണിയൻ നേതാവ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിലവിൽ അറസ്റ്റിന് തടസ്സമില്ല. അപ്പോഴാണ് ഭരണ സമ്മർദം മൂലം പോലീസ് അറസ്റ്റിന് മടിക്കുന്നത്.

യൂണിയൻ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ വി കെ പ്രശാന്ത് എംഎൽഎയെ സമീപിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. കേസ് പിൻവലിക്കാൻ നിരന്തര ഭീഷണിയുള്ളതിനാൽ ജോലിക്ക് പോലും പോകാൻ പറ്റാത്ത സ്ഥിതിയാണെന്നും പരാതിക്കാരി പറയുന്നു. എന്നാൽ ആരോപണങ്ങൾ പ്രേം സുജയും വി കെ പ്രശാന്തും പൂർണമായും നിഷേധിക്കുകയാണ്.

dot image
To advertise here,contact us
dot image