

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ, ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും ശ്രദ്ധാ കേന്ദ്രമാകുകയാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും എൽഎൻജി ഗ്യാസും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന കടൽപാതയാണിത്.

ഇന്ത്യയുടെ ഊർജാവശ്യങ്ങളുടെ വലിയൊരു പങ്കും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ്, അതിൽ തന്നെ 40 ശതമാനത്തിലധികവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.ഇതിന് പുറമെ ഇന്ത്യ ഉപയോഗിക്കുന്ന എൽഎൻജി ഗ്യാസിന്റെ പകുതിയിലധികവും ഇതേ കടൽപാതയിലൂടെയാണ് എത്തുന്നത് എന്നതും ഈ മാർഗത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
യുദ്ധമോ മറ്റ് അനിശ്ചിതാവസ്ഥകളോ ഉണ്ടായാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെടും , ഇതിലൂടെ ലോകത്തിലെ എണ്ണവില ഉയരാനും ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിക്കുന്നതിലേക്കും കാര്യങ്ങൾ ചെന്നെത്തും. ഇത് രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം, വൈദ്യുതി എന്നിവയുടെ വില ഉയരാനും കാരണമാകും.
റെക്കോർഡ് ഗ്യാസ് ഉപയോഗം
ഫെർട്ടിലൈസർ വ്യവസായം ദിവസേന ഏകദേശം 58 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യൂബിക് മീറ്റർ ഗ്യാസ് ഉപയോഗിക്കുന്നു. വൈദ്യുതി ഉത്പാദന മേഖലയിൽ ദിവസേന 25 മില്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യൂബിക് മീറ്റർ ഗ്യാസാണ് ഉപയോഗിക്കുന്നത്.
ഇതിന് പുറമെ റിഫൈനറികൾ ഏകദേശം 22 മില്യൺ, സിറ്റി ഗ്യാസ് വിതരണ സംവിധാനങ്ങൾ ഏകദേശം 37 മില്യൺ മെട്രിക് സ്റ്റാൻഡേർഡ് ക്യൂബിക് മീറ്റർ ഗ്യാസ് ദിവസേന ഉപയോഗിക്കുന്നു. ശേഷിക്കുന്ന ഗ്യാസ് മറ്റു വ്യവസായ-വാണിജ്യ മേഖലകളിലേക്കാണ് വിനിയോഗിക്കുന്നത്.
എൽപിജി
ഇന്ത്യയുടെ എൽപിജി ആവശ്യങ്ങളുടെ 60% ത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്, ഇതിൽ 90% വും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിക്കുന്നത്.2024 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യ ഏകദേശം 2.96 കോടി ടൺ എൽപിജി ഉപയോഗിച്ചു. രാജ്യത്തിന്റെ പ്രതിമാസ ഉപഭോഗം ശരാശരി 2.6 ദശലക്ഷം ടൺ ആണ്. രാജ്യത്ത് ഇപ്പോൾ 33 കോടിയിലധികം എൽപിജി ഉപഭോക്താക്കളുണ്ട്. എൽപിജി ആവശ്യകതയുടെ 90% വീടുകളിൽ നിന്നാണ്, ബാക്കിയുള്ളത് ഹോട്ടൽ പോലുള്ള വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നു.

പിഎൻജി
മഹാനഗർ ഗ്യാസ് ലിമിറ്റഡ്, ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് പോലുള്ള സിറ്റി ഗ്യാസ് വിതരണ കമ്പനികളാണ് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) വിതരണം ചെയ്യുന്നത്. ഗൃഹോപയോഗത്തിനും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ പോലുള്ള വാണിജ്യ സ്ഥാപനങ്ങളിലുമാണ് പ്രധാനമായും പിഎൻജി ഉപയോഗിക്കുന്നത്.
വിതരണത്തിലെ തടസ്സം
എൽപിജി വിതരണത്തിൽ കുറവ് സംഭവിച്ചാൽ ഭക്ഷണ സേവനങ്ങൾ തടസ്സപ്പെടാനും പ്രവർത്തനം താൽക്കാലികമായി നിർത്തേണ്ട സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് റെസ്റ്റോറന്റ് ഉടമകൾ മുന്നറിയിപ്പ് നൽകുന്നുണ്ട് .ഇതിനിടെ, റീഗ്യാസിഫൈഡ് എൽഎൻജിയും ഉൾപ്പെടെയുള്ള പ്രകൃതിവാതകത്തിന്റെ വിതരണങ്ങൾ പ്രധാന മേഖലകളിലേക്ക് തിരിച്ചുവിടുമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. മേഖലകളുടെ പ്രാധാന്യത്തെ അടിസ്ഥാനമാക്കി വിവിധ മുൻഗണനാ തലങ്ങളായാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.
Content Highlights: Rising US–Iran tensions are putting the Strait of Hormuz, a key global oil shipping route, back in the spotlight