40-ാം വയസ്സിൽ 20 കാരന്റെ പോരാട്ടവീര്യം; 1000 ഗോളിലേക്കും 2026 ലെ ലോകകിരീടത്തിലേക്കും ലക്ഷ്യം വെച്ചോടുന്ന റോണോ

1000 ഗോളിലേക്ക് ലക്ഷ്യം വെച്ചോടുന്ന, ഒരു ലോക കിരീടം കൂടി നേടാൻ തന്നിൽ ഒരു ബാല്യം അവശേഷിക്കുന്നുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന റോണോയ്ക്ക് തങ്ങളുടെ രണ്ടാം നേഷൻസ് കിരീടം നേടാൻ കഴിയുമോ?

dot image

ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് 2025 സീസണിന്റ കലാശപ്പോരിലേക്ക് കടന്നിരിക്കുകയാണ്. നീണ്ട 25 വർഷത്തിന് ശേഷം ജർമനിക്കെതിരെ നേടിയ ജയത്തിൽ പോർച്ചുഗൽ മറ്റൊരു കിരീടത്തിലേക്ക് കൂടി മുത്തമിടാനൊരുങ്ങുമ്പോൾ താരമാകുന്നത് റൊണാൾഡോ കൂടിയാണ്. പ്രായം തളർത്താത്ത പോരാളിയാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിച്ച റോണോയുടെ ഗോളിലാണ് പറങ്കിപ്പട ഇന്നലെ ജയിച്ചുകയറിയത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ തന്നെ ഫ്ലോറിയൻ വിർട്സിന്റെ ഗോളിൽ ജർമനി മുന്നിലെത്തിയിരുന്നു. ഗോൾ വീണതോടെ ഉണർന്നുകളിച്ച പോർച്ചുഗീസ് പട പകരക്കാരനായി ഇറങ്ങിയ കോൺസീകാവോയിലൂടെ 63-ാം മിനിറ്റിൽ സമനില നേടിയെടുത്തു. അഞ്ചുമിനിറ്റുകൾക്ക് ശേഷം നൂനോ മെൻഡസ് നൽകിയ ഒന്നാന്തരം ക്രോസിൽ റൊണാൾഡോ വിജയ ഗോൾ നേടുകയും ചെയ്തു. നേരത്തെ രണ്ട് അവസരങ്ങൾ നഷ്ടപെടുത്തിയതിനുള്ള താരത്തിന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു അത്. പോസ്റ്റിലേക്ക് ലക്ഷ്യം കണ്ടില്ലെങ്കിലും താരത്തിന്റെ ഉയർന്നുചാടിയുള്ള ഹെഡർ ശ്രമവും മത്സരത്തിലുണ്ടായിരുന്നു.

Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഈ ഗോളോടെ രാജ്യാന്തര ഫുട്ബാളിൽ ​ക്രിസ്റ്റ്യാനോ നേടിയ ഗോളുകളുടെ എണ്ണം137 ആയി, കരിയർ ഗോളുകളുടെ എണ്ണം 937 ഉം. 2016 യൂറോയും 2019 ലെ പ്രഥമ നേഷൻസ് ലീഗ് കിരീടവും തൂക്കിയ റൊണാൾഡോ തന്റെ 40-ാം വയസ്സിലും 20 കാരന്റെ മനസ്സുമായി തളരാത്ത പോരാട്ട വീര്യത്തിലും ഒടുങ്ങാത്ത കിരീട ദാഹത്തിലും തന്റെ യാത്ര തുടരുകയാണ്. ഇപ്പോൾ നടക്കുന്ന നേഷൻസ് ലീഗിലും എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുമായി റൊണാൾഡോ ടോപ് സ്‌കോറർ പട്ടികയിൽ മുന്നിലുണ്ട്.

ഫൈനലിൽ എതിരാളി ഇന്ന് രണ്ടാം സെമി ഫൈനലിൽ ജയിക്കുന്ന വമ്പൻമാർ അണിനിരക്കുന്ന സ്‌പെയ്‌നോ ഫ്രാൻസോ ആയാലും പൊരുതാനുറച്ചാണ് അയാൾ ഇറങ്ങുക. അയാൾക്ക് കൂട്ടിന് ഇത്തവണ മുൻ നിര ലീഗുകളിൽ പയറ്റി തെളിയിച്ച ഒരുപിടി മികച്ച താരങ്ങളുമുണ്ട്.

Cristiano Ronaldo
റൊണാള്‍ഡോ ഹെഡർ


1000 ഗോളിലേക്ക് ലക്ഷ്യം വെച്ചോടുന്ന, ഒരു ലോക കിരീടം കൂടി നേടാൻ തന്നിൽ ഒരു ബാല്യം അവശേഷിക്കുന്നുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന റോണോയ്ക്ക് തങ്ങളുടെ രണ്ടാം നേഷൻസ് കിരീടം നേടാൻ കഴിയുമോ?, കഴിഞ്ഞാൽ ഒരു വർഷങ്ങൾക്കപ്പുറം അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പിന്റെ കനകകിരീടത്തിന് ഒരുങ്ങാൻ റോണോയ്ക്കും പോർചുഗലിനും അതൊരു ഊർജമാകും.

Content Highlights: Cristano Ronaldo is aiming for 1000 goals and the 2026 World Cup

dot image
To advertise here,contact us
dot image