വനിതാ യൂറോ 2025; നാടകീയവിജയം, ഇറ്റലിയെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട് ഫൈനലില്‍

ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ ഇറ്റാലിയന്‍ വനിതകള്‍ക്ക് സാധിച്ചു

dot image

യൂറോ 2025 വനിതാ ചാംപ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ട് ഫൈനലില്‍. ജനീവയില്‍ നടന്ന ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇറ്റലിയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ നാടകീയമായ വിജയമാണ് നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് ഇത്തവണയും വിജയം സ്വന്തമാക്കിയത്. 33-ാം മിനിറ്റില്‍ ബാര്‍ബറ ബോനന്‍സിയയിലൂടെ ഇറ്റലിയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താന്‍ ഇറ്റാലിയന്‍ വനിതകള്‍ക്ക് സാധിച്ചു. സമനില കണ്ടെത്താനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങളെ ഇറ്റലി തടഞ്ഞു.

സ്റ്റോപ്പേജ് ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ലഭിച്ച നിര്‍ണായക അവസരം ഗോളാക്കി മാറ്റി യുവ സ്‌ട്രൈക്കര്‍ മിഷേല്‍ അഗ്യേമാങ്ങാണ് ഇംഗ്ലണ്ടിന് സമനില നേടിക്കൊടുത്തത്. ഇതോടെ മത്സരം അധികസമയത്തേക്ക് പോയി. അധികസമയത്തിന്റെ അവസാന മിനിറ്റുകളില്‍ ക്ലോയി കെല്ലിയാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഒരു പെനാല്‍റ്റി നേടിയെങ്കിലും ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ശ്രമം തടഞ്ഞു. എന്നാല്‍ റീബൗണ്ട് ചെയ്ത് വന്ന പന്ത് വേഗത്തില്‍ വലയിലെത്തിച്ച് കെല്ലി ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിച്ചു. ഫൈനലില്‍ സ്‌പെയിനോ ജര്‍മ്മനിയോ ആയിരിക്കും എതിരാളികള്‍.

Content Highlights: Women's Euro 2025: England Reach Final After Dramatic Win Over Italy

dot image
To advertise here,contact us
dot image