

സന്നാഹമത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആവേശ ജയം. ആറുവിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. അവസാനദിനം 207 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
അവസാന ഓവറിൽ മൂന്ന് സിക്സറടിച്ചാണ് സിറാജ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ യശ്വസി ജയ്‌സ്വാൾ 61 റൺസും ശുഭ്മാൻ ഗിൽ 44 റൺസും മുഹമ്മദ് സിറാജ് 33 റൺസും നേടി.
നേരത്തേ രണ്ടാമിന്നിങ്സിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ ലങ്ക ഇലവൻ ഡിക്ലയർ ചെയ്തിരുന്നു. ഭണ്ഡാര 35 റൺസെടുത്തും നിപുൺ ധനഞ്ജയ 46 റൺസെടുത്തും ലങ്കയ്ക്കായി തിളങ്ങി. ഇന്ത്യക്കായി ഗുർനൂർ ബ്രാറും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റെടുത്തു.
ആറുവിക്കറ്റിന് 357 റൺസിനാണ് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയർ ചെയ്തത്. ലങ്കയെക്കാൾ ആറുറൺസിന് പിന്നിൽ നിൽക്കുന്ന ഘട്ടത്തിലായിരുന്നു ഡിക്ലയർ. അതോടെ ആറുറൺസ് ലീഡോടെയാണ് ലങ്ക ഇലവൻ രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയത്. 200 റൺസിൽ നിൽക്കേ ലങ്ക രണ്ടാമിന്നിങ്സ് ഡിക്ലയർ ചെയ്തതോടെ ഇന്ത്യയുടെ ലക്ഷ്യം 207 റൺസായി മാറി.
ആദ്യ ഇന്നിങ്സിൽ ആറുവിക്കറ്റിന് 357 റൺസിനാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. സെഞ്ച്വറിയുമായി മറുനാടൻ മലയാളിതാരം ദേവ്ദത്ത് പടിക്കൽ ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലായി. 164 പന്തിൽനിന്ന് 142 റൺസുമായി പുറത്താകാതെ നിന്നു. ദേവ്ദത്തിന് പുറമെ, അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും (63) തിളങ്ങി. മാനവ് സുതർ (41), ക്യാപ്റ്റൻ കെ.എൽ. രാഹുൽ (40), ഗുർനൂർ ബ്രാർ (36) എന്നിവരും തിളങ്ങി.
content highlights: mohammed siraj hat trick sixes india vs sri lanka xi warm up match victory