

2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തിളങ്ങാനാകാതെ വലയുകയാണ് ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറ. ഈ സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായിരുന്നില്ല. ശേഷം ആറാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ എറിഞ്ഞ ആദ്യ പന്തിൽ സായ് സുദർശനെ പുറത്താക്കി ഈ സീസണിലെ തന്റെ ആദ്യ വിക്കറ്റ് അക്കൗണ്ടിൽ ചേർത്തു. പിന്നീട് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ കാർത്തിക് ശര്മയുടെയും വിക്കറ്റ് താരം വീഴ്ത്തിയിരുന്നു. എന്നാൽ ആ പ്രകടനത്തിൽ തിരിച്ചെത്താൻ താരത്തിന് ശേഷം വന്ന മത്സരങ്ങളിൽ ആയിട്ടില്ല.
ഒരു വിക്കറ്റ് പോലും നേടാനാകാതെ ആദ്യ അഞ്ച് മത്സരങ്ങൾ അവസാനിച്ചപ്പോൾ തന്നെ താരത്തിന്റെ ഫോമിനെ ചൊല്ലി ആരാധകർക്കുള്ളിൽ വലിയ ആശങ്ക രൂപപ്പെട്ടതായിരുന്നു. മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം അതിശക്തമായ ബൗളിംഗ് നിര തന്നെയാണ് ടീമിൽ ഉള്ളത്. എന്നിട്ടും ആരാധകരെ ആകെ നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയാണ് ടീമിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വിക്കറ്റുകളില്ലാത്തെ നിറം മങ്ങിയ ആദ്യ അഞ്ച് മത്സരങ്ങൾക്ക് ശേഷം ബുംറ വിക്കറ്റ് കണ്ടെത്തിയ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 99 റൺസിന്റെ വലിയ വിജയമായിരുന്നു ടീം സ്വന്തമാക്കിയത്.
എത്ര വലിയ വെടിക്കെട്ട് ടി20 ബാറ്റർമാർ വന്നാലും ബുംറയുടെ ബോളുകൾ സിക്സർ പായിക്കാൻ അവർ വിയർക്കുമായിരുന്നു. പക്ഷെ, ഐപിഎൽ പത്തൊൻപതാം പതിപ്പിൽ ബുംറയ്ക്ക് കാലിടരുന്നതാണ് കാണുന്നത്. ഇത്തവണ ട്രാവിസ് ഹെഡ്, സഞ്ജു സാംസൺ, രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയടക്കം പലരും ബുംറയെ സിക്സർ പായിച്ചുകഴിഞ്ഞു. ഇതൊക്കെയും വിരൽ ചൂണ്ടുന്നത് താരത്തിന്റെ മോശം ഫോമിലേക്ക് തന്നെയാണ് എന്നതിൽ സംശയമില്ല.
Content highlight: Jasprit Bumrah struggling in IPL 2026