

ഐപിഎൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 47 റൺസിന് പരാജയപ്പെട്ടതിന് പിന്നാലെ ഫീല്‍ഡിംഗ് പിഴവുകളില്‍ കെ എല്‍ രാഹുലിനെയും പാതും നിസങ്കയെയും പരോക്ഷമായി കുറ്റപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്‌സർ പട്ടേൽ രംഗത്ത്.
മത്സരത്തിൽ അഭിഷേക് ശർമയെ പുറത്താക്കാൻ ലഭിച്ച രണ്ട് സുവർണ്ണാവസരങ്ങൾ പാഴാക്കിയത് ടീമിന് വലിയ തിരിച്ചടിയായെന്ന് മത്സരശേഷം അക്‌സർ പറഞ്ഞു. ഹൈദരാബാദ് ഇന്നിങ്‌സിനിടെ ഓപ്പണർ അഭിഷേക് ശർമയെ റൺ ഔട്ടാക്കാൻ ലഭിച്ച അവസരം കെ.എൽ രാഹുൽ നഷ്ടപ്പെടുത്തിയിരുന്നു.
ഇതിനുപിന്നാലെ പതും നിസ്സങ്ക ഒരു അനായാസ ക്യാച്ചും കൈവിട്ടു. ഈ രണ്ട് പിഴവുകളും മത്സരത്തിന്‍റെ ഗതി മാറ്റിയെന്ന് അക്‌സർ വ്യക്തമാക്കി.
റൺ ഔട്ട് അവസരവും ക്യാച്ചും നഷ്ടപ്പെടുത്തിയത് ഞങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നു. ആ അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ അഭിഷേക് ഇത്രയും വലിയ സ്കോറിലേക്ക് എത്തില്ലായിരുന്നു. നല്ല ഫീൽഡിംഗ് നമ്മുടെ കൈയിലുള്ള കാര്യമാണ്, അത് ചെയ്യുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു- അക്‌സർ പറഞ്ഞു.
അഭിഷേക് ശര്‍മ നല്‍കി അവസരങ്ങള്‍ പാഴാക്കിയതില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വേണുഗോപാല്‍ റാവുവും രാഹുലിനെയും നിസ്സങ്കയെയും വിമര്‍ശിച്ചു. അഭിഷേകിനെപ്പോലൊരു താരം നിങ്ങൾക്ക് ഒരു അവസരം നൽകിയാൽ അത് കൃത്യമായി ഉപയോഗിക്കണം, വേണുഗോപാല്‍ റാവു പറഞ്ഞു.
68 പന്തിൽ 10 ഫോറും 10 സിക്സും ഉൾപ്പെടെ 135 റൺസുമായി പുറത്താകാതെ നിന്ന അഭിഷേക് ശർമയുടെ പ്രകടനമാണ് മത്സരത്തിൽ ഹൈദരാബാദിനെ 242 റണ്‍സെന്ന കൂറ്റന്‍ സ്കോറിലെത്തിച്ചത്. ഹൈദരാബാദ് ഉയർത്തിയ പടുകൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനേ സാധിച്ചുള്ളൂ.
നിതീഷ് റാണ (57), സമീർ റിസ്‌വി (41) എന്നിവർ പൊരുതിയെങ്കിലും മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തി. ഹൈദരാബാദിനായി ഇഷാൻ മലിംഗ 4 വിക്കറ്റുകൾ വീഴ്ത്തി.
Content highlights: axar patel criticizes kl rahul loss vs dc