'എവിടെ ആ പഴയ ഹാര്‍ദിക്'; മുംബൈ നായകനെ വിമർശിച്ച് ആകാശ് ചോപ്ര

മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ് പാണ്ഡ്യയുടെ ബാറ്റിംഗ് ഫോമിനെയും നായകസ്ഥാനത്തെയും ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

'എവിടെ ആ പഴയ ഹാര്‍ദിക്'; മുംബൈ നായകനെ വിമർശിച്ച് ആകാശ് ചോപ്ര
dot image

ഐപിഎല്‍ 2026 സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ് പാണ്ഡ്യയുടെ ബാറ്റിംഗ് ഫോമിനെയും നായകസ്ഥാനത്തെയും ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലിലും പരാജയപ്പെട്ട മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. മുംബൈയുടെ ബാറ്റിംഗ് നിരയില്‍ ഹാര്‍ദിക് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ ചോപ്ര ആവശ്യപ്പെട്ടു.

'പഴയതുപോലെ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. ഇടയ്‌ക്കൊക്കെ ചെറിയ ഇന്നിംഗ്‌സുകള്‍ കളിക്കുന്നുണ്ടെങ്കിലും, തനിയെ 70-80 റണ്‍സ് നേടി ടീമിനെ വിജയത്തിലെത്തിക്കുന്ന ഹാര്‍ദിക്കിനെയാണ് മുംബൈക്ക് ആവശ്യം.' അദ്ദേഹം പറഞ്ഞു. അഞ്ച് തവണ കിരീടം നേടിയ ടീം പത്താം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കൂടുതല്‍ ഭയമില്ലാത്ത സമീപനവും പുതിയ പരീക്ഷണങ്ങളും മുംബൈക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാണ്ഡ്യയുടെ ഫോം മാത്രമല്ല, മുംബൈയുടെ ബൗളിംഗ് യൂണിറ്റും വലിയ പ്രതിസന്ധിയിലാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നായി 10.26 എന്ന ഉയര്‍ന്ന എക്കണോമി റേറ്റില്‍ 972 റണ്‍സാണ് മുംബൈ ബൗളര്‍മാര്‍ വിട്ടുനല്‍കിയത്. ഏപ്രില്‍ 16ന് പഞ്ചാബ് കിംഗ്‌സിനെതിരെ 195 റണ്‍സ് നേടിയിട്ടും അത് പ്രതിരോധിക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 81 റണ്‍സും രണ്ട് വിക്കറ്റും മാത്രമാണ് നേടിയത്.

ടീമിന് സ്ഥിരത നല്‍കാന്‍ അഞ്ച് തവണ കിരീടം നേടിക്കൊടുത്ത രോഹിത് ശര്‍മ്മയെ വീണ്ടും ക്യാപ്റ്റനാക്കുന്നത് മുംബൈ ഇന്ത്യന്‍സ് ആലോചിക്കണമെന്ന് കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി അഭിപ്രായപ്പെട്ടിരുന്നു.

Content highlights:aakash chopra criticizes hardik pandya form ipl 2026

dot image
To advertise here,contact us
dot image