

ടി20 ലോകകപ്പിൽ ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം പാകിസ്ഥാൻ ബഹിഷ്കരിക്കുമെന്ന വാർത്തകൾക്കിടെ വമ്പന്‍ പ്രവചനവുമായി മുൻ ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ. പാകിസ്ഥാൻ സർക്കാർ പാക് ക്രിക്കറ്റ് ബോർഡിന് (പിസിബി) നൽകിയിരിക്കുന്ന ബഹിഷ്കരണ നിർദ്ദേശം വെറും രാഷ്ട്രീയ തന്ത്രമാണെന്നും ഫെബ്രുവരി 12-ഓടെ അവർ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിൽ ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് പാകിസ്ഥാൻ ഇപ്പോൾ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ചേതൻ ശർമ്മയുടെ വാദം. ഇതൊരു രാഷ്ട്രീയ കളി മാത്രമാണ്. ബംഗ്ലാദേശിൽ 12-ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. അത് കഴിഞ്ഞാൽ പാകിസ്ഥാൻ നിലപാട് മാറ്റുന്നത് നിങ്ങൾക്ക് കാണാം. പൊതുജനവികാരം കണക്കിലെടുത്ത് ക്രിക്കറ്റിനെ തകർക്കാനാവില്ല, അതിനാൽ ഇന്ത്യക്കെതിരെ കളിക്കാൻ തീരുമാനിച്ചു' എന്നൊരു പ്രസ്താവന വൈകാതെ അവർ പുറത്തിറക്കുമെന്നും ചേതന്‍ ശര്‍മ ഇന്ത്യ ടുഡേയോട് പറഞ്ഞു.
താനൊരു രാഷ്ട്രീയക്കാരനായിരുന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തനിക്ക് അറിയാമെന്നും ചേതന്‍ ശര്‍മ കൂട്ടിചേർത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒരുപക്ഷേ പാക് സൈനിക മേധാവി തന്നെ നേരിട്ട് ഇടപെട്ട് കായികരംഗത്ത് രാഷ്ട്രീയം കലർത്തരുതെന്ന് ആവശ്യപ്പെട്ടേക്കാമെന്നും ചേതന്‍ ശര്‍മ പറഞ്ഞു. ഇതുവരെ പാകിസ്ഥാൻ ഔദ്യോഗികമായി ഐസിസിയെ ബഹിഷ്കരണ തീരുമാനം അറിയിച്ചിട്ടില്ലെന്നും ചേതൻ ശർമ്മ ചൂണ്ടിക്കാട്ടി.
ഔദ്യോഗിക സ്ഥിരീകരണമില്ലാതെ പാകിസ്ഥാന്‍ നടത്തുന്ന പ്രസ്താവനകൾക്ക് യാതൊരു വിലയുമില്ല. ബഹിഷ്കരണം ആർക്കും പ്രഖ്യാപിക്കാം, എന്നാൽ അത് ഔദ്യോഗികമായി അറിയിക്കുന്നത് വരെ ഒന്നും മാറില്ല. ഇവിടെ യഥാർത്ഥത്തിൽ ആരെയാണ് ശിക്ഷിക്കുന്നത്? ക്രിക്കറ്റിനെയും ക്രിക്കറ്റ് താരങ്ങളെയുമാണെന്നും ചേതൻ ശര്‍മ പറഞ്ഞു.
അതേസമയം, രാഷ്ട്രീയ സമ്മർദ്ദം മൂലം ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച സർക്കാർ നിലപാടിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിലെ ചില ഉദ്യോഗസ്ഥർക്ക് തന്നെ അതൃപ്തിയുള്ളതായും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റിന്‍റെ ഭാവി സുരക്ഷിതമാക്കാൻ ഭരണമാറ്റം ഉപകരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നതായും വാർത്തകൾ വരുന്നുണ്ട്.
Content Highlights: Chetan Sharma predicts PCB U-turn on India T20 WC boycott