

ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ സൈൻ ചെയ്ത് പാക്സിതാൻ സൂപ്പർ ലീഗ് ക്ലബ് ലാഹോർ ഖലന്ദേഴ്‌സ് . 2016 ലും 2018 ലും ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച മുസ്തഫിസുർ 2026 സീസണിൽ ലാഹോർ ഖലന്ദേഴ്‌സിലേക്ക് തിരിച്ചെത്തും. 6.44 കോടി പാക് കറൻസിക്കാണ് അദ്ദേഹത്തെ സൈൻ ചെയ്തത്.
ബംഗ്ലാദേശിനായി 15 ടെസ്റ്റുകളും 116 ഏകദിനങ്ങളും 126 ടി20 മത്സരങ്ങളും കളിച്ച മുസ്തഫിസുർ, വിവിധ ഫോർമാറ്റുകളിലായി ആകെ 366 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിലും 30 കാരനായ താരം വ്യാപകമായി പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 322 മത്സരങ്ങളിൽ നിന്ന് 21.03 ശരാശരിയിൽ 412 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ (ബിസിസിഐ) നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് നേരത്തെ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയിരുന്നു.
കെ കെ ആർ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ ടീമിലെടുത്തത്. ബംഗ്ലാദേശി താരത്തെ ടീമിലെടുത്തതിന്പിന്നാലെ ടീം ഉടമ ഷാരൂഖ് ഖാനെതിരെ വധ ഭീഷണി വരയുണ്ടായി. ശേഷമാണ് ബിസിഐഐയുടെ നിർദേശപ്രകാരം താരത്തെ കെ കെ ആർ റിലീസ് ചെയ്യുന്നത്. തങ്ങളുടെ താരത്തെ ഐ പി എ ല്ലിൽ നിന്നും പുറത്താക്കിയതിൽ പ്രതികാര നടപടിയെന്നോളം ബംഗ്ലാദേശ് തങ്ങളുടെ രാജ്യത്ത് ഐ പി എൽ സംപ്രേഷണം നിരോധിച്ചു.
പിന്നാലെ കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തുകയായിരുന്നു. വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമായിരുന്നു ബംഗ്ലാദേശിന്‍റെ ആവശ്യം.
എന്നാൽ ബംഗ്ലാദേശിന്റെ ആവശ്യം ഐ.സി.സി തള്ളി. ഇന്ത്യയിൽ കളിക്കാനാവുമെങ്കിൽ കളിച്ചാൽ മതിയെന്നായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നിലപാട്. ഇതോടെ ബംഗ്ലാദേശ് ലോകകകപ്പിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇപ്പോൾ ബംഗ്ലാദേശിന് പിന്തുണ അറിയിച്ച് പാകിസ്താൻ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ടം ബഹിഷ്കരിച്ചിട്ടുണ്ട്.
Content Highlights:After IPL exclusion, Lahore Qalandars sign Bangladesh pacer Mustafizur