

വനിതാ പ്രീമിയർ ലീഗിന്റെ നാലാം പതിപ്പിൽ ഇന്ന് കലാശപ്പോരാട്ടം. കഴിഞ്ഞ മൂന്നു തവണയും ഫൈനലിൽ തോൽക്കേണ്ടിവന്ന ഡൽഹി കാപിറ്റൽസ് ഒരിക്കൽക്കൂടി കലാശക്കളിക്ക് യോഗ്യത നേടിയപ്പോൾ എതിരാളികളായി എത്തുന്നത് മുൻ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ്.
ഇന്ത്യൻ ക്രിക്കറ്റിൽ ഉറ്റ സുഹൃത്തുക്കളുമായ സ്മൃതി മന്ദാന ആർ.സി.ബിയെയും ജെമീമ റോഡ്രിഗസ് ഡൽഹിയെയും നയിച്ച് കളത്തിലിറങ്ങും. രാത്രി 7.30 മുതൽ വഡോദര സ്റ്റേഡിയത്തിലാണ് മത്സരം. ലീഗ് റൗണ്ടിലെ എട്ടിൽ ആറ് മത്സരങ്ങളും ജയിച്ച് നേരിട്ട് ഫൈനലിലെത്തിയതാണ് ബംഗളൂരു. എലിമിനേറ്റർ കളിച്ച് ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ചാണ് ഡൽഹിയുടെ വരവ്.
മികവുറ്റ ഒരുപിടി താരങ്ങൾ ഇരുഭാഗത്തുമുണ്ട്. ബാറ്റിങ്ങിൽ സ്മൃതിക്കൊപ്പം ഇന്നിങ്സ് ഓപൺ ചെയ്യുന്ന ഓസീസുകാരി ഗ്രേസ് ഹാരിസ്, തുടർന്ന് വരുന്ന ജോർജിയ വോൾ, റിച്ച ഘോഷ് തുടങ്ങി താരങ്ങളെല്ലാം ആർസിബിയിൽ മിന്നും ഫോമിലാണ്. നദീൻ ഡി ക്ലർക്ക് നയിക്കുന്ന പേസ് ബൗളിങ് നിരയും ശ്രേയങ്ക പാട്ടീലിന്റെ സ്പിന്നും മികവ് പുലർത്തുന്നു.
ഷഫാലി വർമയും ദക്ഷിണാഫ്രിക്കൻ താരം ലിസെലെ ലീയും ഇ ലോറ വോൾവാർട്ട് തുടങ്ങി വെടിക്കെട്ട് ബാറ്റർമാർ ഡൽഹിയിലുമുണ്ട്. വിക്കറ്റ് വേട്ടക്കാരി നന്ദനി ശർമയും ചിനേലെ ഹെൻട്രിയുമാണ് പേസ് കരുത്ത്. മലയാളി ഓൾ റൗണ്ടർ മിന്നു മണിയുമുണ്ട്
ഡൽഹി കാപിറ്റൽസ്: ജെമീമ റോഡ്രിഗസ് (ക്യാപ്റ്റൻ), ഷഫാലി വർമ, ലിസെലെ ലീ, ലോറ വോൾവാർട്ട്, മരിസാൻ കാപ്പ്, അലാന കിങ്, മിന്നു മണി, താനിയ ഭാട്യ, ലൂസി ഹാമിൽട്ടൺ, ചിനേലെ ഹെൻട്രി, നിക്കി പ്രസാദ്, സ്നേഹ് റാണ, നന്ദനി ശർമ, ശ്രീചരണി, പ്രഗതി സിങ്, എഡ് ല ശ്രുജാന.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ലോറൻ ബെൽ, ഗ്രേസ് ഹാരിസ്, ജോർജിയ വോൾ, നദീൻ ഡി ക്ലർക്ക്, റിച്ച ഘോഷ്, ദയാലൻ ഹേമലത, ഗൗതമി നായിക്, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്, പ്രത്യൂഷ കുമാർ, പ്രേമ റാവത്ത്, അരുന്ധതി റെഡ്ഡി, സയാലി സത്ഗാരെ, ലിൻസി സ്മിത്ത്, പൂജ വസ്ത്രകാർ.
Content Highlights: ; WPL 4; RCB VS DC Final Preview