

ടി 20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യത മങ്ങി.ഇതിന്റെ സൂചനയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തില്‍ കണ്ടത്. മധ്യനിരയില്‍ പോലും സഞ്ജുവിന് അവസരം കിട്ടിയില്ല.
സന്നാഹ മത്സരത്തിൽ ഇന്നലെ അഭിഷേക് ശര്‍മയോടപ്പം ഇഷാൻ കിഷനാണ് ഇറങ്ങിയിരുന്നത്. ന്യൂസിലാൻഡിനെതിരെ നിർത്തിയയിടത്ത് നിന്നും തുടങ്ങിയ താരം വെടിക്കെട്ട് സെഞ്ച്വറിയും നേടി. ഇതോടെ ഇഷാൻ തന്നെയാകും അഭിഷേകിനൊപ്പം ലോകകപ്പിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നുറപ്പാണ്.
ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 5 ഇന്നിംഗ്സുകളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഈ ഫോമില്ലായ്മ ടീമിലെ സ്ഥാനം ഉറപ്പിക്കുന്നതിന് തടസ്സമായി.
അവസാന ടി20 മത്സരത്തില്‍ സഞ്ജുവില്‍ നിന്ന് വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് ഇഷാന്‍ കിഷനിലേക്ക് മാറിയത് ടീം മാനേജ്മെന്റ് പുതിയൊരു കോമ്പിനേഷന്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമാണ്. പരിക്കേറ്റ തിലക് വര്‍മ്മ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിലേക്ക് മടങ്ങിവരുന്നത് സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡറിലെ സാധ്യതകള്‍ വീണ്ടും കുറയ്ക്കുന്നു.
സഞ്ജുവിനെ മിഡില്‍ ഓര്‍ഡറില്‍ പരീക്ഷിക്കാനുള്ള സാധ്യതയുണ്ടെങ്കിലും താരത്തിന് പരിചയക്കുറവുണ്ട്. റിങ്കു സിംഗിനെ പോലെയുള്ള 'ഫിനിഷര്‍' റോളില്‍ തിളങ്ങുന്നവര്‍ ഉള്ളപ്പോള്‍ അവിടെയും വെല്ലുവിളിയുണ്ട്.
എന്നാലും ലോകകപ്പ് സ്‌ക്വാഡില്‍ ഉള്ളതിനാല്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ഫോം നഷ്ടപ്പെടുകയോ ചെയ്താല്‍ സഞ്ജുവിന് ഇലവനിലേക്ക് വിളിയെത്താന്‍ സാധ്യതയുണ്ട്. അങ്ങനെ നടന്നില്ലെങ്കിൽ വരാനിരിക്കുന്ന ഐ പി എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം മിന്നും തിരിച്ചുവരവ് നടത്താൻ താരത്തിന് സാധിക്കണം.
Content Highlights: Sanju Samson Chances in T20 worldcup india sqaud