

ന്യൂസിലന്‍ഡിനെതിരെ നേടിയ അപരാജിത സെഞ്ച്വറിയിലൂടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ സ്വന്തമാക്കിയത് അപൂർവ്വ നേട്ടം. ന്യൂസിലന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. സാക്ഷാല്‍ എം എസ് ധോണിക്ക് പോലും കരിയറില്‍ സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണ് രാഹുല്‍ ഇന്ന് രാജ്കോട്ടില്‍ അടിച്ചടുത്തത്.
മത്സരത്തിൽ മറ്റൊരു അപൂര്‍വനേട്ടം കൂടി രാഹുലിന്‍റെ പേരിലായി. രാജ്കോട്ടില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി രാഹുല്‍. 87 പന്തില്‍ സെഞ്ച്വറിയിലെത്തിയ രാഹുല്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. 11 ഫോറും ഒരു സിക്സും ഉൾപ്പടെയായിരുന്നു ഇന്നിങ്‌സ്. രാഹുലിന്റ ഇന്നിങ്‌സ് ബലത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടി.
ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ ഗില്‍ 53 പന്തില്‍ ഒരു സിക്‌സും ഒന്‍പത് ബൗണ്ടറിയുമടക്കം 56 റണ്‍സ് നേടി പുറത്തായി. രോഹിത് ശര്‍മ 24 റണ്‍സും വിരാട് കോഹ്ലി 23 റണ്‍സുമെടുത്ത് മടങ്ങി. ന്യൂസിലാന്‍ഡിനായി ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു.
Content Highlights: IND vs NZ: Not MS Dhoni - KL Rahul becomes first Indian wicket-keeper century against nz