

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയ നിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം വിദ്വേഷ പ്രസംഗമെന്ന് വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. സനാതന ധർമ്മം ഇല്ലാതാകാണമെന്ന ഉദയ നിധിയുടെ പ്രസംഗം 'ഹേറ്റ് സ്പീച്ച്' ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിമർശിച്ചു.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ തിരുച്ചിറപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എസ്. ശ്രീമതിയുടെ ഈ പരാമർശങ്ങൾ. 2023 സെപ്റ്റംബറിലാണ് ഉദയനിധി സ്റ്റാലിൻ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പരാമർശങ്ങൾ നടത്തിയത്. ദ്രാവിഡ കഴകവും (ഡികെ) ദ്രാവിഡ മുന്നേറ്റ കഴകം ( ഡിഎംകെ) 100 വർഷമായി ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്നും ഉദയ നിധി സ്റ്റാലിനും അതേ പ്രത്യയശാസ്ത്രപരമായ പരമ്പരയിൽപ്പെട്ടയാളാണെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തുന്നവർ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഉദയനിധി സ്റ്റാലിൻ ഉപയോഗിച്ച വാക്കുകൾ വംശഹത്യയെയാണ് സൂചിപ്പിക്കുന്നതെന്നും അത് വിദ്വേഷ പ്രസംഗമാണെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിൽ ഉദയനിധിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഒരു കേസും ഫയൽ ചെയ്തിട്ടില്ലെന്നും മറ്റ് ചില സംസ്ഥാനങ്ങളിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2023 സെപ്റ്റംബറിലായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. ചെന്നൈയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ; "ചില കാര്യങ്ങളെ എതിർത്താൽ മാത്രം പോരാ, അവ ഉന്മൂലനം ചെയ്യണം. നമുക്ക് പകർച്ചപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ എതിർക്കാൻ കഴിയില്ല, അവയെ തുടച്ചുനീക്കണം. അതുപോലെ സനാതന ധർമ്മത്തെയും എതിർക്കുന്നതിന് പകരം ഉന്മൂലനം ചെയ്യണം." ഇതായിരുന്നു ഉദയ നിധി നടത്തിയ വിവാദ പരാമർശം.
Content Highlights: The Madras High Court observed that Udayanidhi Stalin’s remarks on Sanatan Dharma amount to hate speech, making strong observations during the hearing