സെലക്ടര്‍മാരേ, ഇതാ ഷമിയുടെ മാസ് മറുപടി! മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും പ്രകടനം, ബംഗാളിന് വിജയം

ദേശീയ ടീമിൽ നിന്ന് ഷമിയെ സെലക്ടർമാർ തഴയുന്ന സാഹചര്യത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം

സെലക്ടര്‍മാരേ, ഇതാ ഷമിയുടെ മാസ് മറുപടി! മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും പ്രകടനം, ബംഗാളിന് വിജയം
dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്‍റില്‍ തകർപ്പൻ പ്രകടനവുമായി ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമി. സർവീസസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റാണ് ഷമി സ്വന്തമാക്കിയിരിക്കുന്നത്. ഫിറ്റ്നസ് പ്രശ്നം ചൂണ്ടിക്കാട്ടി നിരന്തരം ദേശീയ ടീമിൽ നിന്ന് ഷമിയെ സെലക്ടർമാർ തഴയുന്ന സാഹചര്യത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം. ഷമിയുടെ നിർണായക ബോളിങ് പ്രകടനത്തിൽ ബം​ഗാൾ ഏഴ് വിക്കറ്റിന് സർവീസസിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഷമിയാണ് കളിയിലെ താരം.

ജിംഖാന ​ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സര്‍വീസസിനെ 18.2 ഓവറില്‍ 165 റണ്‍സിന് ബം​ഗാൾ ഓള്‍ഔട്ടാക്കുകയായിരുന്നു. 3.2 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് സർവീസസിനെ എറിഞ്ഞിട്ടത്. 22 പന്തില്‍ 38 റണ്‍സ് അടിച്ച മോഹിത് അഹ്‌ലാവത് ആണ് സര്‍വീസസിന്‍റെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിങ്ങിൽ‌ ബംഗാള്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 29 പന്തില്‍ 56 റണ്‍സെടുത്ത അഭിഷേക് പോറലും 37 പന്തില്‍ 58 റണ്‍സടിച്ച ക്യാപ്റ്റൻ അഭിമന്യു ഈശ്വരനുമാണ് ബംഗാളിന് അനായാസവിജയം സമ്മാനിച്ചത്. ഇരുവരും പുറത്തായശേഷം 19 പന്തില്‍ 36 റണ്‍സെടുത്ത യുവരാജ് കേശ്വാനിയും 5 പന്തില്‍ 14 റണ്‍സെടുത്ത ആകാശ് ദീപും ചേര്‍ന്ന് ബംഗാളിന്‍റെ വിജയം പൂര്‍ത്തിയാക്കി.

Content Highlights: Mohammad Shami shines bright with a thrilling four wicket haul against Services in SMAT 2025

dot image
To advertise here,contact us
dot image