

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയുടെ ഹൃദയാഘാതത്തിന് കാരണം മാനസികസമ്മർദ്ദമാവാമെന്ന് ഡോക്ടർ. താരത്തിന്റെ പിതാവിനെ ചികിത്സിക്കുന്ന സാംഗ്ലിയിലെ സർവ്ഹിത് ആശുപത്രി ഡയറക്ടർ ഡോക്ടർ നമൻ ഷാ ആണ് ഇക്കാര്യം അറിയിച്ചത്. തിരക്കേറിയ വിവാഹ ഒരുക്കങ്ങൾ മൂലമുണ്ടായ ശാരീരികമോ മാനസികമോ ആയ സമ്മർദ്ദമായിരിക്കാം ഹൃദയാഘാതത്തിന് കാരണമെന്ന് ഡോക്ടർ എഎൻഐയോട് പ്രതികരിച്ചു. അദ്ദേഹത്തിന് തുടർനിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർ വ്യക്തമാക്കി.
“സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് പകൽ 11.30ഓടെ നെഞ്ചിൻ്റെ ഇടതുഭാഗത്ത് വേദനയുണ്ടാവുകയും ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹത്തെ സർവ്ഹിത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് തുടർ നിരീക്ഷണം ആവശ്യമാണ്. ഞങ്ങളുടെ കാർഡിയോളജിസ്റ്റ് ഡോ. റോഹൻ താനേദറും അദ്ദേഹത്തെ പരിശോധിച്ചു. എക്കോകാർഡിയോഗ്രാമിൽ പുതിയ കണ്ടെത്തലുകളൊന്നുമില്ല. ആവശ്യമെങ്കിൽ ആഞ്ജിയോഗ്രാഫി ചെയ്യും. ഇപ്പോൾ രക്തസമ്മർദ്ദത്തിൽ നേരിയ വ്യത്യാസമുണ്ട്. അത് ഒരുപക്ഷേ മകളുടെ വിവാഹച്ചടങ്ങളുമായി അനുബന്ധിച്ചുണ്ടായ മാനസികമോ ശാരീരികമോ ആയ സമ്മർദ്ദമാവാം ഇതിന് കാരണം”, അദ്ദേഹം പറഞ്ഞു.
സ്മൃതി മന്ദാനയുടെ വിവാഹദിവസമാണ് താരത്തിന്റെ പിതാവിന് ഹൃദയാഘാതമുണ്ടാവുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതും. പിന്നാലെ പലാഷ് മുച്ചലുമായുള്ള താരത്തിന്റെ വിവാഹം അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സ്ഥിതിചെയ്യുന്ന മന്ദന ഫാം ഹൗസിൽ വച്ചാണ് വിവാഹചടങ്ങുകൾ നടന്നിരുന്നത്.
Content Highlights: Smriti Mandhana’s father ‘experienced symptoms of heart-attack’, Doctor issues statement