

കുഞ്ചാക്കോ ബോബനെക്കുറിച്ച് താൻ പങ്കുവെച്ച പോസ്റ്റ് ചില ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് മിമിക്രി കലാകാരൻ സുനിൽ രാജ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന് തിരക്ക് കാരണം അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് ചില ഷോട്ടുകളിൽ താൻ അഭിനയിച്ചിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍റെ ഡ്യൂപ്പായി അഭിനയിക്കുന്ന സുനില്‍ രാജ് പറഞ്ഞിരുന്നു.
പുറത്ത് പറയാന്‍ പാടില്ലാത്തതാണെന്നും വേറെ നിവര്‍ത്തിയില്ലാത്തതുകൊണ്ടാണ് പറയുന്നതെന്നും കൂടി പറഞ്ഞ പോസ്റ്റില്‍ തന്നെ സജസ്റ്റ് ചെയ്തത് നടൻ തന്നെ ആയിരുന്നുവെന്നും സുനിൽ രാജ് പറഞ്ഞിരുന്നു. സെറ്റിൽ ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രങ്ങളും സുനിൽ പോസ്റ്റിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിനെ ചില ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് സുനിൽ രാജ് ഇപ്പോൾ ഫേസ്ബുക്കിൽ വീഡിയോ പങ്കിട്ട് പറയുന്നത്.
'എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്. ഞാൻ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയിരിക്കുകയാണ്. ഇന്ന് രാവിലെ ഞാൻ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. കുറേ ആളുകൾ എന്റെ അടുത്ത് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ‘നീ ചാക്കോച്ചൻ അനുകരിച്ചിട്ട് എന്തു കിട്ടി’ അല്ലെങ്കിൽ ‘ഇത്രയും വർഷം ചാക്കോച്ചന്റെ പുറകെ നടന്നിട്ട് എന്തു നേടി’ , ‘ചാക്കോച്ചനെ കൊണ്ട് നിനക്കെന്താ ഗുണം’ എന്നൊക്കെ.

നേരത്തെ ഞാനും ചാക്കോച്ചനും ഒരുമിച്ച് വന്ന വേദിയിൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് പറയുകയുണ്ടായി. ചാക്കോച്ചൻ വ്യക്തിപരമായി എനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന്.
അപ്പോള്‍ കുറെ പേര് ചോദിച്ചു അത് പൈസയായിട്ടാണോ അല്ലെങ്കിൽ ആശുപത്രി കേസിലാണോ എന്നൊക്കെ. അങ്ങനെയൊന്നുമല്ല എനിക്ക് ചെയ്തിട്ടുള്ള ഒരു സഹായമാണ്, അദ്ദേഹം ഭയങ്കര ബിസി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കുറച്ച് പോർഷൻസ് എന്നുവച്ചാൽ സജഷൻ ഷോട്ട്, പാച്ച് ഷോട്ട്, ചീറ്റിങ് ഷോട്ട്, ഡ്യൂപ്പ് ഷോട്ട് എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് സീക്വൻസ് എനിക്കൊരു സിനിമയിൽ ചെയ്യാൻ പറ്റി.
അദ്ദേഹം ആ സമയത്ത് അമേരിക്കയിൽ ആയിരുന്നു. അപ്പൊ ആ സിനിമയിലേക്ക് എന്റെ കാര്യം സജസ്റ്റ് ചെയ്തത് അദ്ദേഹം തന്നെയാണ്. അത് വലിയൊരു കാര്യമാണ്. നിങ്ങളെ സംബന്ധിച്ച് എത്രത്തോളം ഉണ്ടെന്ന് എനിക്കറിയില്ല, പക്ഷേ എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. കാരണം അദ്ദേഹത്തെ പോലൊരു നടൻ എന്റെ പേര് പറയുകയും അവരെന്നെ വിളിക്കുകയും ചെയ്യുക. എനിക്ക് ആ സിനിമയിൽ നല്ല കാര്യങ്ങളെ ഉണ്ടായിട്ടുള്ളൂ. ഒരു നടനെന്ന നിലയിൽ കിട്ടേണ്ട എല്ലാ പരിഗണയും പിന്തുണയും എനിക്ക് അവർ തന്നു.
ചാക്കോച്ചൻ ചെയ്ത നല്ലൊരു ഉപകാരം മറ്റുള്ളവർ അറിയാൻ വേണ്ടിയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത്. പക്ഷെ അത് പുറത്തേക്ക് വന്നപ്പോഴേക്കും നെഗറ്റീവ് ആയി. ഓൺലൈൻ മീഡിയക്കാർ അത് വേറെ രീതിയില്‍ വളച്ചൊടിച്ചു. ‘ചാക്കോച്ചനെ കുറിച്ച് സുനിൽ രാജ് മനസ്സ് തുറക്കുന്നു’, ‘ചാക്കോച്ചനെ കുറിച്ച് രഹസ്യങ്ങൾ പറയുന്നു’ അങ്ങനെ എന്തൊക്കെയോ കുറെ പേര് എനിക്ക് അയച്ചു.

ചാക്കോച്ചൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല, അദ്ദേഹം ഉപകാരം അല്ലാതെ ഒരു ഉപദ്രവവും എന്റെ അടുത്ത് ചെയ്തിട്ടില്ല ചെയ്യുകയുമില്ല. ഞാൻ അങ്ങോട്ട് ചെയ്തെങ്കിലെ ഒള്ളൂ. ഒരിക്കലും ഒരു മനുഷ്യനോടും ഒരു ദ്രോഹവും ചെയ്യാത്ത ഒരു മനുഷ്യനാണ് ചാക്കോച്ചൻ. എനിക്കിത്രയേ പറയാനുള്ളൂ, ഞാൻ പറഞ്ഞ സത്യങ്ങൾ വളച്ചൊടിച്ച് അത് അദ്ദേഹത്തിന് വിഷമം ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. കാരണം അദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യനുമായി സൗഹൃദം പുലർത്താൻ കഴിയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്,' സുനിൽ രാജ് പറഞ്ഞു.

വിവാദമായ സുനിൽ സമൂഹ മാധ്യമങ്ങളിൽ ആദ്യം പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
'പുറത്തു വിടാൻ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്" സുനിൽ രാജ് കുറിച്ചു. സംഭവം വിവാദമായതോടെ ഈ പോസ്റ്റ് സുനിൽ നീക്കം ചെയ്തിട്ടുണ്ട്.
Content Highlights: Sunil Raj says online media distorted the post he shared about Kunchacko Boban