

മലപ്പുറം: തെരഞ്ഞെടുപ്പില്‍ മൂന്ന് തവണ വ്യവസ്ഥയിലെ ഇളവ് സംബന്ധിച്ച് നിയന്ത്രണം കര്‍ശനമാക്കി മുസ്‌ലിം ലീഗ്. ഇളവ് വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന വിലയിരുത്തലിലാണ് ലീഗിന്റെ നടപടി. ഇളവ് നേടി സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രത്യേക അനുമതി വേണം.
ചിലര്‍ സ്വയം പ്രചാരണ പോസ്റ്ററുകള്‍ ഇറക്കി സ്ഥാനാര്‍ത്ഥികളാകുന്നുവെന്ന് ലീഗ് നേതൃത്വം പറയുന്നു. മൂന്നു തവണ ജനപ്രതിനിധിയായവര്‍ക്ക് ഇളവില്ലന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ തവണ മാറിനിന്നവര്‍ക്ക് അനിവാര്യഘട്ടത്തില്‍ ഇളവിന് സംസ്ഥാന പ്രസിഡന്റിനോട് ശുപാര്‍ശക്ക് മാത്രമാണ് അവസരമെന്നും വിശദീകരണം നല്‍കിയിട്ടുണ്ട്.
മാനദണ്ഡങ്ങള്‍ വകവെക്കാതെ സ്വയം സ്ഥാനാര്‍ത്ഥികളായവരും അവരെ സഹായിക്കുന്നവരും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതന്നും ലീഗ് വ്യക്തമാക്കി. അത്തരം സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി ചിഹ്നം അനുവദിക്കില്ല. അവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്‍കി. ലീഗ് തീരുമാനം നിരവധി സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും.
Content Highlights: Muslim League raised restrictions on the relaxation of the three term rule in elections