

വെറ്ററൻ പേസർ മുഹമ്മദ് ഷമി സണ്‍റൈസേഴ്സ് ഹൈദരാബാദ് ജഴ്‌സി അഴിക്കുന്നു. ഐപിഎല്‍ ട്രേഡ് വിന്‍ഡോ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സാണ് 10 കോടി രൂപ നല്‍കി ഷമിയെ ടീമിലെത്തിച്ചത്. ക്രിക് ഇന്‍ഫോ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 10 കോടി രൂപക്കായിരുന്നു ഹൈദരാബാദ് ഷമിയെ ടീമിലെത്തിച്ചത്. ഇരു ടീമുകളും താരകൈമാറ്റത്തിന് പരസ്പര ധാരണയിലെത്തിയെന്നും ഷമിയുടെ കൂടി സമ്മതത്തിനായാണ് കാത്തിരിക്കുന്നതെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ വൈകിട്ട് 3നു വരെയാണ് പരസ്പര ധാരണയോടെ കളിക്കാരെ കൈമാറാനുള്ള സമയം ബിസിസിഐ ടീമുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
ഇതിനുശേഷം നിലനിര്‍ത്തിയ താരങ്ങളും കൈമാറിയ താരങ്ങളുമൊഴികെയുള്ളവര്‍ അടുത്ത മാസം നടക്കുന്ന താരലേലത്തില്‍ പങ്കെടുക്കേണ്ടിവരും.
ഈ വര്‍ഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കായി കളിച്ച 35കാരനായ ഷമിയെ പിന്നീട് ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളുമായിരുന്നു. എന്നാൽ രഞ്ജി ട്രോഫിയിൽ രഞ്ജി ട്രോഫിയില്‍ മൂന്ന് മത്സരങ്ങളില്‍ ബംഗാളിനായി കളിക്കുകയും 15 വിക്കറ്റ് വീഴ്ത്തി താരം അതിന് മറുപടി നൽകി.
ഐ പി എല്ലിൽ 120 മത്സരങ്ങൾ ഇതുവരെ കളിച്ച താരം 133 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഹൈദരാബാദിലെത്തുന്നതിന് മുമ്പ് ഗുജറാത്ത് ടൈറ്റൻസിനൊപ്പമായിരുന്നു ഷമി. അതിന്റെ മുമ്പ് പഞ്ചാബ്, ഡൽഹി, കൊൽക്കത്ത എന്നീ ടീമുകളുടെ ഭാഗമായിരുന്നു.
Content Highlights:SRH set to trade Mohammed Shami to LSG