ഈഡനില്‍ വിറച്ച് ദക്ഷിണാഫ്രിക്ക; ഒന്നാം ദിനം സ്വന്തമാക്കി ഇന്ത്യ

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 159 റണ്‍സിന് പുറത്താക്കുകയായിരുന്നു

ഈഡനില്‍ വിറച്ച് ദക്ഷിണാഫ്രിക്ക; ഒന്നാം ദിനം സ്വന്തമാക്കി ഇന്ത്യ
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ ഡ്രെെവിങ് സീറ്റിൽ‌. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിങ്സിൽ 159 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റിന് 37 റൺസെന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ദക്ഷിണാഫ്രിക്കയേക്കാൾ 122 റൺസ് മാത്രം പിന്നിലാണ് ഇന്ത്യ. 27 പന്തിൽ 12 റൺസെടുത്ത യശ്വസി ജയ്സ്വാളിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് ആദ്യദിനം നഷ്ടമായത്. മാർക്കോ ജാൻസണാണ് വിക്കറ്റ്. 13 റൺസുമായി ഓപ്പണർ കെ എൽ രാഹുലും ആറ് റൺസുമായി വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ.

കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 159 റണ്‍സിന് പുറത്താക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48 പന്തില്‍ 31 റണ്‍സെടുത്ത ഓപ്പണര്‍ ഐഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാർഡന്‍സില്‍ നടന്ന മത്സരത്തിൽ ടോസ് വിജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 22 പന്തിൽ 23 റൺസെടുത്ത റയാൻ റിക്ലത്തണിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. ജസ്പ്രീത് ബുംമ്രയുടെ ഒരു തകർപ്പൻ പന്തിൽ റിക്ലത്തൺ ക്ലീൻ ബൗൾഡാകുകയായിരുന്നു. എയ്ഡൻ മാർക്രവുമായി 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് റിക്ലത്തൺ പുറത്തായത്.

റിക്ലത്തണിന് പിന്നാലെ എയ്ഡൻ മാർക്രവും പുറത്തായി. നന്നായി കളിച്ചുകൊണ്ടിരുന്ന മാർക്രം 31 റൺസ് നേടി. ക്യാപ്റ്റൻ തെംബ ബവൂമയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങാനായില്ല. മൂന്ന് റൺസ് മാത്രമെടുത്ത ബവൂമയെ കുൽദീപ് യാദവ് ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ നാലാം വിക്കറ്റില്‍ വിയാന്‍ മള്‍ഡറും ടോണി ഡി സോര്‍സിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ നൂറുകടത്തി.

പിന്നാലെ പ്രോട്ടീസ് ബാറ്റർമാരെ കൃത്യമായി വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. മള്‍ഡറും ഡി സോര്‍സിയും 24 റണ്‍സെടുത്ത് പുറത്തായി. മൾഡറെ കുൽ‌ദീപ് യാദവും സോര്‍സിയെ ബുംറയും വിക്കറ്റിന് മുന്നിൽ കുടുക്കി. കൈല്‍ വെരെയ്‌നെയെയും (16) മാര്‍കോ യാന്‍സനെയും (0) പുറത്താക്കി സിറാജ് ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. മൂന്ന് റൺസെടുത്ത കോർബിൻ ബോർഷിനെ അക്സറും പുറത്താക്കി.

സൈമണ്‍ ഹാര്‍മറെയും (5) കേശവ് മഹാരാജിനെയും (0) പുറത്താക്കി ബുംറ തന്റെ ഫൈഫര്‍ തികയ്ക്കുകയും ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു. 74 പന്തില്‍ 15 റണ്‍സെടുത്ത് ട്രിസ്റ്റന്‍ സ്റ്റബ്‌സ് പുറത്താകാതെ നിന്നു.

Content Highlights: India vs South Africa: Washington Sundar, KL Rahul build stand after Jaspit Bumrah crushes SA in Kolkata

dot image
To advertise here,contact us
dot image