'അലിനഗർ സീതാനഗറാക്കും',മുഖ്യ വാഗ്ദാനം പേര് മാറ്റൽ;മൈഥിലി താക്കൂർ ജയിച്ച് കയറിയത് ബിഹാറിലെ പ്രായംകുറഞ്ഞ MLAയായി

ആര്‍ജെഡിയുടെ ശക്തികേന്ദ്രത്തില്‍ ആദ്യമായി ബിജെപി എംഎല്‍എ വിജയിച്ചു കയറുകയാണ്

'അലിനഗർ സീതാനഗറാക്കും',മുഖ്യ വാഗ്ദാനം പേര് മാറ്റൽ;മൈഥിലി താക്കൂർ ജയിച്ച് കയറിയത് ബിഹാറിലെ പ്രായംകുറഞ്ഞ MLAയായി
dot image

പാട്‌ന: ബിഹാറില്‍ അക്ഷരാര്‍ത്ഥത്തില്‍ ഏകപക്ഷീയമായ വിജയത്തിലേക്ക് കടക്കുകയാണ് എന്‍ഡിഎ. ഇതുവരെ 200ലധികം സീറ്റുകളിലാണ് എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നത്. നിലവില്‍ എന്‍ഡിഎയുടെ നിരവധി സ്ഥാനാര്‍ത്ഥികള്‍ വിജയാഘോഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയം ബിഹാറില്‍ ഏറെ ആഘോഷിക്കപ്പെടുന്നത് ബിഹാറിന്റെ ഏറ്റവും പ്രായം കുറഞ്ഞ 25 വയസുള്ള എംഎല്‍എയായി ചരിത്രത്തിലേക്ക് കാലെടുത്ത് വെക്കാനിരിക്കുന്ന മൈഥിലി താക്കൂറാണ്.

2005ല്‍ സ്വതന്ത്ര എംഎല്‍എയായിരുന്ന 26കാരനായിരുന്ന തൗസീം ആലമും 2015ല്‍ രാഘോപൂരില്‍ നിന്നും മത്സരിക്കുന്ന സമയത്ത് 26കാരനായ തേജസ്വി യാദവുമായിരുന്നു ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എ. ഈ ചരിത്രമാണ് മൈഥിലി തിരുത്തുന്നത്. നിലവില്‍ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) സ്ഥാനാര്‍ത്ഥി ബിനോദ് മിശ്രയെക്കാള്‍ 9450 വോട്ടുകള്‍ക്ക് മൈഥിലി മുന്നിലാണ്. ഈ വര്‍ഷം ജൂലൈ 25നാണ് മൈഥിലിക്ക് 25 വയസ് തികഞ്ഞത്.

മുസ്‌ലിം ഭൂരിപക്ഷമുള്ള അലിനഗറില്‍ ആദ്യമായി ബിജെപി വിജയിക്കുന്നുവെന്ന ഖ്യാതിയും മൈഥിലിക്കുണ്ട്. ദര്‍ഭംഗ ഏരിയ ഒഴിച്ച് നിര്‍ത്തിയാല്‍ ബ്രാഹ്‌മണ വിഭാഗവും യാദവ വിഭാഗവും പിന്നാക്ക വിഭാഗവും മുസ്‌ലിം വിഭാഗവും ഒരുപോലെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് അലിനഗര്‍. 2008 മുതല്‍ മഹാഗഡ്ബന്ധന്റെ ശക്തികേന്ദ്രമായിരുന്നു അലിനഗര്‍. ഈ കേന്ദ്രമാണ് 25 വയസ് പ്രായമുള്ള മൈഥിലി തകര്‍ത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത സ്ഥാനാര്‍ത്ഥിയാണ് മൈഥിലി. താന്‍ വിജയിക്കുകയാണെങ്കില്‍ അലിനഗര്‍ എന്ന പേര് സീതാനഗറാക്കുമെന്ന വിവാദ പരാമര്‍ശം മൈഥിലിയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഇടവരുത്തി. ഇന്ന് വിജയത്തിനരികെ നില്‍ക്കുമ്പോഴും ദേശീയ മാധ്യമങ്ങളോട് മൈഥിലി പ്രതികരിച്ച് തന്റെ ഈ 'വാഗ്ദാനം' നടപ്പാക്കുമെന്നാണ്.

അലിനഗറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും, സ്‌കൂളുകളില്‍ പാഠ്യേതര പദ്ധതിയായി മിതില പെയിന്റിംഗ് സ്‌കൂളില്‍ പഠിപ്പിക്കും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും, തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ജോലി നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും മൈഥിലി മുന്നോട്ട് വെച്ചിരുന്നു. മറ്റുള്ളവരെപ്പോലെയോ മറ്റുള്ളവരേക്കാളോ വേഗതയില്‍ 25 വയസുള്ള ഒരു വനിതാ എംഎല്‍എയ്ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കണമെന്നാണ് മൈഥിലിയുടെ ആഗ്രഹം.

വിവാദപരാമര്‍ശം മാത്രമായിരുന്നില്ല, തന്റെ കുടുംബത്തെ മുഴുവന്‍ രംഗത്തിറക്കിയുള്ള പ്രചരണ രീതിയും മൈഥിലിക്ക് ശ്രദ്ധ പിടിച്ചു നല്‍കിയിട്ടുണ്ട്. പ്രചരണത്തിനിടെ മൈഥിലിയുടെ ഇളയ സഹോദരന്‍ റിഷവ് താക്കൂര്‍ തബല വായിക്കുന്നതും ഇളയ സഹോദരന്‍ അയച്ചി താക്കൂര്‍ നാടന്‍ പാട്ടുകള്‍ പാടിയതും വൈറലായിരുന്നു. രാഷ്ട്രീയത്തിനപ്പുറം ക്ലാസിക്കല്‍ നൃത്തവും ഭക്തി ഗീതവും പഠിച്ചതും മൈഥിലിക്ക് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.

Content Highlights: Bihar election Maithili Thakur to become Bihar s youngest MLA

dot image
To advertise here,contact us
dot image