
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് അഭിഷേക് ശർമ. 200 സ്ട്രൈക്ക് റേറ്റിൽ 314 റൺസാണ് ടൂർണമെന്റിലെ ഏഴ് മത്സരങ്ങളിൽ നിന്ന് യുവ ഓപ്പണർ അടിച്ചെടുത്തത്. ടൂർണമെന്റിലെ ഏറ്റവും വലിയ റൺവേട്ടക്കാരനും അഭിഷേക് തന്നെയാണ്.
ടൂർണമെന്റിൽ ബാറ്റുകൊണ്ട് വെടിക്കെട്ട് പ്രകടനം നടത്തിയതിന് പിന്നാലെ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിങ്ങിലും ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അഭിഷേക് ശർമ. ഐസിസി ടി20 റാങ്കിങ്ങിൽ നിലവിൽ 926 റേറ്റിംഗ് പോയിന്റുകളുമായി 25 കാരനായ അഭിഷേക് ഒന്നാം സ്ഥാനത്താണ്. ഫോർമാറ്റിൽ തന്റെ ഒന്നാം റാങ്ക് നിലനിർത്തിയ താരം ടി20യിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും മികച്ച റേറ്റിങ്ങാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഇംഗ്ലണ്ട് താരം ഡേവിഡ് മലനെയാണ് റേറ്റിങ് റെക്കോർഡിൽ അഭിഷേക് മറികടന്നത്. 919 പോയിന്റുമായി മലനാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരായ 61 റൺസ് നേടിയതോടെ അഭിഷേക് 931 റേറ്റിംഗ് പോയിന്റായി ഉയർന്നിരുന്നു.
Content Highlights: Abhishek Sharma creates world record in ICC Rankings with Heroics in Asia Cup 2025