
പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ബിസിസിഐ. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയോട് പരാജയം വഴങ്ങിയതിന് പിന്നാലെ സല്‍മാന്‍ ആഗ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഔദ്യോഗിക പരാതി നല്‍കാന്‍ ബിസിസിഐ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏഷ്യാ കപ്പിലെ മാച്ച് ഫീസ് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയില്‍ ബാധിക്കപ്പെട്ട പാകിസ്താനിലെ സാധാരണക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും നല്‍കുമെന്നാണ് സല്‍മാന്‍ അലി ആഗ പ്രഖ്യാപിച്ചത്. ഞായറാഴ്ച നടന്ന ഫൈനലില്‍ പാകിസ്താനെ പരാജയപ്പെടുത്തിയ ശേഷം ഏഷ്യാ കപ്പിലെ മാച്ച് ഫീസ് മുഴുവനായും ഇന്ത്യന്‍ സൈനികര്‍ക്കും പാകിസ്താന്റെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നല്‍കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ ക്യാപ്റ്റനും സമാനമായ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
ഇതിനെതിരെയാണ് ബിസിസിഐ പരാതി നല്‍കാനൊരുങ്ങുന്നത്. പാകിസ്താനിലെ സാധാരണക്കാരെയും കുട്ടികളെയും പരാമര്‍ശിച്ചുള്ള ആഗയുടെ വാക്കുകള്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ നടപടിക്കൊരുങ്ങുന്നതെന്നാണ് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlights: BCCI plans to file complaint against Salman Ali Agha after Asia Cup