
ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്രം തിരുത്തിക്കുറിച്ച് ഇംഗ്ലണ്ട്. രണ്ടാം ടി-20യിൽ 146 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് 304 റൺസായിരുന്നു സ്‌കോർ ചെയ്തത്. ട്വന്റി-20യുടെ ചരിത്രത്തിൽ ടെസ്റ്റ് കളിക്കുന്ന രാജ്യത്തിനെതിരെ ഒരു ടീം ആദ്യമായാണ് 300 റൺസ് നേടുന്നത്. ഗാംബിയക്കെതിരെ സിബംബ്‌വെയും മൊങ്കോലിയക്കെതിരെ നേപ്പാളും 300 കടന്നിട്ടുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കയെ പോലെ പേരുകേട്ട ബൗളർമാരുള്ള രാജ്യത്തിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അഴിഞ്ഞാട്ടം.
ആക്രമണം അഴിച്ചുവിട്ട ഓപ്പണിങ് ബാറ്റർമാർ തന്നെയായിരുന്നു ഇംഗ്ലണ്ടിനെ കൂറ്റൻ സ്‌കോറിലെത്താൻ സഹായിച്ചത്. ഓപ്പണർ ബാറ്റർമാരായ ഫിൽ സാൾട്ടും ജോസ് ബട്ടലറും ആദ്യ വിക്കറ്റിൽ വെറും 7.5 ഓവറിൽ അടിച്ചെടുത്തത് 126 റൺസാണ്. ബട്ട്‌ലർ മടങ്ങുമ്പോൾ 30 പന്തിൽ നിന്നും എട്ട് ഫോറും ഏഴ് സിക്‌സറുമടക്കം 83 റൺസാണ് സ്വന്തമാക്കിയത്. ആദ്യ ഓവർ മുതൽ അറ്റാക്ക് ചെയ്ത ഇംഗ്ലണ്ട് പവർപ്ലേയിൽ തന്നെ മൂന്നക്കം കണ്ടു. ബട്ടലർ പോയതിന് ശേഷമായിരുന്നു സാൾട്ട് തന്റെ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയത്.
ജേക്കബ് ബെഥലിനെ കൂട്ടിപിടിച്ച സാൾട്ട് അർസെഞ്ച്വറിയും സെഞ്ച്വറിയും പൂർത്തിയാക്കി. തകർത്തടിച്ച സാൾട്ട് 19ാം പന്തിലാണ് അർധസെഞ്ച്വറി പൂർത്തിയാക്കിയത്. അർദ്ധ ശതകത്തിന് ശേഷവും അടി തുടർന്ന സാൾട്ട് വെറും 39ാം പന്തിൽ ശതകം പൂർത്തിയാക്കി. അന്താരാഷ്ട്ര ടി-20യിലെ താരത്തിന്റെ നാലാം ശതകമാണ് ഇത്. ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിക്കുമ്പോൾ 60 പന്തിൽ നിന്നും 15 ഫോറും എട്ട് സിക്‌സറുമടക്കം 141 റൺസ് സാൾട്ട് നേടി. ഒരു ഇംഗ്ലണ്ട് ബാറ്ററുടെ ഏറ്റവും ഉയർന്ന ടി-20 സ്‌കോറാണിത്.
14 പന്തിൽ രണ്ട് ഫോറും രണ്ട് സിക്‌സറുമായി ജേക്കബ് ബെഥലും, 21 പന്തിൽ നിന്നും 5 ഫോറും ഒരു സിക്‌സുമടക്കം ഹാരി ബ്രൂക്ക് 41 റൺസും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ സ്‌കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 304 റൺസ്. 30 ഫോറും 18 സിക്‌സറുമാണ് ഈ സംഹാരതാണ്ഡവത്തിൽ ഇംഗ്ലണ്ട് അടിച്ചുക്കൂട്ടിയത്.
ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബൗളർ കഗീസോ റബാദയാണ് കൂട്ടത്തിൽ ഏറ്റവും തല്ലുവാങ്ങിയത്. നാല് ഓവറിൽ 70 റൺസാണ് അദ്ദേഹം വഴങ്ങിയത്. മാർക്കോ യാൻസൻ 60 വാങ്ങിയപ്പോൾ ലിസാഡ് വില്യംസൺ 62 റൺസ് വഴങ്ങി. രണ്ട് വിക്കറ്റും വീഴ്ത്തിയ ബിയോൺ ഫോർച്ചുയിനും കിട്ടി 52 റൺസ്. തമ്മിൽ ഭേദം തൊമ്മൻ എന്ന പോലെ 19 വയസ്സുകാരൻ ഗ്വെൻ മഫാക 41 റൺസാണ് നാല് ഓവറിൽ വിട്ടുകൊടുത്തത്. ഒരോവർ മാത്രം പന്തെടുത്ത് ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനും കിട്ടി 19 റൺസ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കം പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് തകർന്നു. ക്യാപ്റ്റൻ എയ്ഡന്‍ മാർക്രമും റിയാൻ റിക്കൾട്ടണും 22 പന്തിൽനിന്നും 50 റൺസ് ചേർത്താണ് പിരിഞ്ഞത്. എന്നാൽ പിന്നീടെത്തിയവരെല്ലാം തന്നെ പരാജയമായി മാറി.
20 പന്തിൽ നിന്നും നാല് സിക്‌സറും രണ്ട് ഫോറുമടക്കം 41 റൺസ് നേടിയ മാർക്രമാണ് ദക്ഷിണാഫ്രിയുടെ ടോപ് സ്‌കോറർ. ഫോർച്ചുയിൻ 32 റൺസും ഡോണൊവൻ ഫെറെയ്‌റ 23 റൺസും നേടി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ മൂന്നും സാം കറൻ, ലിയാം ഡോവ്‌സൺ, വിൽ ജാക്‌സ് എന്നിവർ രണ്ട് വിക്കറ്റുകൾ വെച്ച് നേടിയപ്പോൾ ഇംഗ്ലീഷ് പട വെറും 158ൽ എല്ലാവരും മടങ്ങി.
Content Highlights- England Massive Score against SA in second T20I