'അതായിരുന്നു പ്ലാൻ, പക്ഷേ…'; ജോ റൂട്ടിനെ സ്ലെഡ്ജ് ചെയ്തതില്‍ പ്രതികരിച്ച് പ്രസിദ്ധ് കൃഷ്ണ

രണ്ടാം ദിനത്തിലെ രണ്ടാം സെഷനിലായിരുന്നു റൂട്ടും പ്രസിദ്ധും പരസ്പരം കൊമ്പുകോർത്തത്

'അതായിരുന്നു പ്ലാൻ, പക്ഷേ…'; ജോ റൂട്ടിനെ സ്ലെഡ്ജ് ചെയ്തതില്‍ പ്രതികരിച്ച് പ്രസിദ്ധ് കൃഷ്ണ
dot image

ഇന്ത്യ- ഇം​ഗ്ലണ്ട് ടെസ്റ്റിനിടെ ഇം​ഗ്ലണ്ട് ബാറ്റർ ജോ റൂട്ടുമായുണ്ടായ വാക്കേറ്റത്തിനെ കുറിച്ച് ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണ. ഓവലിലെ രണ്ടാം ദിനത്തിലെ രണ്ടാം സെഷനിലായിരുന്നു റൂട്ടും പ്രസിദ്ധും പരസ്പരം കൊമ്പുകോർത്തത്. തര്‍ക്കം രൂക്ഷമായതോടെ അമ്പയര്‍മാരടക്കം ഇടപെടുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ‌ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഓവലിൽ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 22-ാം ഓവറിലായിരുന്നു സംഭവം. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അഞ്ചാം പന്തില്‍ റൂട്ടിന് റണ്ണെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് റൂട്ടിനെ പ്രസിദ്ധ് സ്ലെഡ്ജ് ചെയ്തത്. അടുത്ത പന്തില്‍ ബൗണ്ടറിയടിച്ച റൂട്ട് ഇന്ത്യൻ പേസർക്ക് മറുപടി നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് താരങ്ങള്‍ വാക്കേറ്റത്തിലേർപ്പെട്ടത്.

ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പ്രസിദ്ധ് ക‍ൃഷ്ണ. വാക്കുകൾ ഉപയോഗിച്ച് റൂട്ടിന്റെ ശ്രദ്ധ തിരിക്കാൻ ഇന്ത്യൻ ടീം തയ്യാറാക്കിയ പദ്ധതിയായിരുന്നു അതെന്ന് പ്രസിദ് കൃഷ്ണ സമ്മതിച്ചു. എന്നാൽ‌ റൂട്ട് അങ്ങനെ പ്രതികരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മത്സരശേഷം പ്രസിദ്ധ് മാധ്യമങ്ങളോട് പറഞ്ഞു.

'ജോ റൂട്ട് പ്രതികരിച്ചത് എന്തിനാണെന്ന് അറിയില്ല. നിങ്ങള്‍ നന്നായി കളിക്കുന്നുണ്ടല്ലോ എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അത് പിന്നീട് വാക്കേറ്റത്തിലേക്ക് പോവുകയായിരുന്നു. അതൊരു ചെറിയ കാര്യമല്ലേ. തികച്ചും മത്സരബുദ്ധിയായി കണ്ടാല്‍ മതി. കളിക്കളത്തിന് പുറത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ആ തര്‍ക്കം ഞങ്ങള്‍ ഇരുവരും ആസ്വദിച്ചിരുന്നു', പ്രസിദ്ധ് പറഞ്ഞു.

"അതു തന്നെയായിരുന്നു പ്ലാൻ. പക്ഷേ ഞാൻ പറഞ്ഞ രണ്ട് വാക്കുകൾക്ക് അദ്ദേഹത്തിൽ നിന്ന് ഇത്രയും വലിയ പ്രതികരണം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. പന്തെറിയുമ്പോൾ ഞാനിതെല്ലാം ആസ്വദിക്കാറുണ്ട്. ഞാൻ അങ്ങനെയാണ്. ബാറ്ററുമായി എനിക്ക് സംസാരിക്കാൻ കഴിയുമെങ്കിൽ അവരിൽ നിന്ന് പ്രതികരണം ലഭിക്കു‌ന്നതുവരെ ഞാൻ പ്രകോപിതരാക്കും, പക്ഷേ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് റൂട്ട്', പ്രസിദ്ധ് കൂട്ടിച്ചേർത്തു.

Content Highlights: Prasidh Krishna opens up on his verbal duel with Joe Root on day 2 of Oval clash

dot image
To advertise here,contact us
dot image