
രണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതിനേക്കാൾ ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണെന്ന് ഇംഗ്ലീഷ് ഇതിഹാസ ബാറ്റർ കെവിൻ പീറ്റേഴ്‌സൺ. ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് താരം ജോ റൂട്ട് ടെസ്റ്റ് റൺവേട്ടയിൽ രണ്ടാമതെത്തിയിരുന്നു. നിലവിൽ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ പിന്നിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ റൂട്ടിന്റെ സ്ഥാനം.
ഇതിനുപിന്നാലെയായിരുന്നു പീറ്റേഴ്സൺ പ്രതികരണവുമായി എത്തിയത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ബൗളിംഗിന്റെ ഗുണനിലവാരത്തിലുണ്ടായ ഇടിവ് നിലവിലെ ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ടെന്ന് പീറ്റേഴ്‌സൺ പറഞ്ഞു. പണ്ടത്തെ ഇതിഹാസതാരങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ഇപ്പോഴത്തെ പത്ത് ബോളർമാരുടെ പേരുകൾ പറയാൻ പീറ്റേഴ്സൺ ആരാധകരെ വെല്ലുവിളിക്കുകയും ചെയ്തു.
“എന്നോട് കയർക്കരുത്, പക്ഷേ ഇക്കാലത്ത് ബാറ്റ് ചെയ്യുന്നത് 20 അല്ലെങ്കിൽ 25 വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ വളരെ എളുപ്പമാണ്! അക്കാലത്ത് ഇതിന്റെ ഇരട്ടി ബുദ്ധിമുട്ടായിരിക്കും! വഖാർ, ഷോയിബ്, അക്രം, മുഷ്താഖ്, കുംബ്ലെ, ശ്രീനാഥ്, ഹർഭജൻ, ഡൊണാൾഡ്, പൊള്ളോക്ക്, ക്ലൂസ്നർ, ഗൗഫ്, മക്ഗ്രാത്ത്, ലീ, വോൺ, ഗില്ലസ്പി, ബോണ്ട്, വെട്ടോറി, കെയ്ൻസ്, വാസ്, മുരളി, കർട്ട്ലി, കോട്നി അങ്ങനെ പട്ടിക ഇനിയും നീളാം… മുകളിൽ 22 പേരുടെ പേരുകൾ ഞാൻ നൽകിയിട്ടുണ്ട്. മുകളിലുള്ള പേരുകളുമായി താരതമ്യപ്പെടുത്താവുന്ന ഇപ്പോഴുള്ള 10 ബോളർമാരുടെ പേര് ദയവായി എനിക്ക് പറഞ്ഞു തരൂ?” പീറ്റേഴ്‌സൺ എക്‌സിൽ കുറിച്ചു.
Don’t shout at me but batting these days is way easier than 20/25 years ago! Probably twice as hard back then!
— Kevin Pietersen🦏 (@KP24) July 26, 2025
Waqar, Shoaib, Akram, Mushtaq, Kumble, Srinath, Harbhajan, Donald, Pollock, Klusener, Gough, McGrath, Lee, Warne, Gillespie, Bond, Vettori, Cairns, Vaas, Murali,…
ബാറ്റിംഗ് റെക്കോർഡുകൾ തുടർച്ചയായി തകർന്നു കൊണ്ടിരിക്കുന്ന സമയത്താണ് പീറ്റേഴ്‌സന്റെ അഭിപ്രായങ്ങൾ വരുന്നത്. അതേസമയം ഇംഗ്ലീഷ് ഇതിഹാസത്തിന്റെ വാക്കുകൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുകയും ചെയ്യുന്നുണ്ട്.
മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ 150 റണ്‍സാണ് ജോ റൂട്ട് നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ജോ റൂട്ടിന്റെ 56ാമത്തെ സെഞ്ചുറി ഇതോടെ ഈ മത്സരത്തില്‍ പിറന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്തേക്ക് എത്തി. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്. നിലവില്‍ 13,409 റണ്‍സാണ് റൂട്ടിന്‍റെ സമ്പാദ്യം. സച്ചിന്‍ നേടിയ 15921 റണ്‍സിന് 2512 റണ്‍സ് മാത്രം അകലെയാണ് ജോ റൂട്ട്.
Content Highlights: Kevin Pietersen claims batting is easier after Joe Root’s 38th Test century