
ഫോമിലുള്ള മാക്സ്‍വെല്ലിനെ ഭയന്നേ തീരൂ. ട്രാക്കിലായാൽ പിന്നെ അയാളെ പിടിച്ചാൽ കിട്ടില്ലെന്നാണ്. വെർണർ പാർക്കിൽ ഇന്ന് അക്ഷരാർത്ഥത്തിൽ മാക്സ്‍വെല്‍ ഷോയായിരുന്നു. പിച്ചിലും ഫീൽഡിലും മാക്സി നടത്തിയ മിന്നും പ്രകടനത്തിന്റെ കരുത്തിൽ വിൻഡീസിനെതിരായ നാലാം ടി20 യിലും കങ്കാരുക്കൾ വിജയം കുറിച്ചു. മൂന്ന് വിക്കറ്റിനാണ് ഓസീസിന്റെ ജയം. കരീബിയന്‍ സംഘം ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കേ മിച്ചൽ മാർഷും സംഘവും മറികടന്നു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 38 റൺസ് നേടിയ റുഥർഫോർഡിന്റേയും 28 റൺസ് വീതം നേടിയ റൊമാരിയോ ഷെഫേർഡിന്റേയും റോവ്മാൻ പവലിന്റേയും മികവിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ കാമറൂൺ ഗ്രീനും ഇംഗ്ലിസും മാക്സ്വെല്ലും ചേർന്ന് വിൻഡീസിനെ അതേ നാണയത്തിൽ തിരിച്ചടിച്ചു. ഇംഗ്ലിസും ഗ്രീനും അർധ സെഞ്ച്വറി കുറിച്ചു.
മാർഷിനൊപ്പം ഓപ്പണറുടെ റോളിൽ ക്രീസിലെത്തിയ മാക്സി തുടക്കം മുതൽ ടോപ് ഗിയറിലായിരുന്നു. 18 പന്തിൽ നിന്ന് ആറ് സിക്സും ഒരു ഫോറും സഹിതം 47 റൺസടിച്ചാണ് താരം പുറത്തായത്.
നേരത്തേ വിൻഡീസ് ഇന്നിങ്സിനിടെ ഫീൽഡിൽ മാക്സ്‍വെല്‍ നടത്തിയ അത്ഭുത പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. റൊമാരിയോ ഷെഫേർഡിനെ പുറത്താക്കാൻ ബൗണ്ടറിക്കരികിൽ അതിശയ വേഗത്തിൽ പറന്നുയർന്നാണ് മാക്സ്‍വെല്‍ പന്ത് കൈപ്പിടിയിലാക്കിയത്.
Maxwell magic on the rope 🤌
— FanCode (@FanCode) July 27, 2025
Full sprint, mid-air grab, lightning flick - pulled off the impossible like it was routine!#WIvAUS pic.twitter.com/mHQ8HeXtiu
റോസ്റ്റൺ ചേസിനെ പുറത്താക്കാൻ ഇതിന് സമാനമായി മറ്റൊരു ക്യാച്ചും സ്വന്തമാക്കി. കളിക്ക് ശേഷം മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം മാക്സ്‍വെല്ലിനെ തേടിത്തന്നെയെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 4-0 ന് മുന്നിലാണിപ്പോള്‍.