
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ തന്റെ ബൗളിങ്ങിൽ തൃപ്തനല്ലെന്ന് പ്രതികരിച്ച് ഇന്ത്യൻ പേസർ അൻഷുൽ കംബോജ്. 'കൃത്യമായ ഏരിയയിൽ പന്തെറിയാൻ എനിക്ക് സാധിച്ചു. എന്നാൽ എന്റെ പ്രകടനത്തിൽ എനിക്ക് പൂർണ തൃപ്തിയില്ല. കൂടുതൽ മികച്ച രീതിയിൽ പന്തെറിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്,' കംബോജ് പ്രതികരിച്ചു.
'ആദ്യ രണ്ട് സ്പെല്ലുകളിൽ എനിക്ക് മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. മൂന്നാം സ്പെൽ മുതലാണ് എനിക്ക് നന്നായി പന്തെറിയാൻ കഴിഞ്ഞത്. മൂന്നാം ദിവസം കൂടുതൽ മികച്ച രീതിയിൽ പന്തെറിയാൻ ഇന്ത്യൻ ടീം ശ്രമിക്കും. ഇംഗ്ലണ്ട് ബൗണ്ടറികൾ നേടാൻ വേണ്ടിയാണ് ശ്രമിക്കുന്നത്. സിംഗിളുകൾ നേടാൻ താൽപ്പര്യമില്ല. അതുകൊണ്ട് മൂന്നാം ദിവസം ഇംഗ്ലണ്ടിന് ബൗണ്ടറികൾ നൽകാതിരിക്കാനാവും ഇന്ത്യൻ ബൗളിങ് ശ്രമിക്കുക,' കംബോജ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുംമ്രയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് കംബോജ് പ്രതികരിച്ചു. 'ജസ്പ്രീത് ബുംമ്രയ്ക്കൊപ്പം കളിക്കുന്ന ഒരു താരത്തിന് ഒരുപാട് അയാളിൽ നിന്ന് പഠിക്കാനുണ്ട്. ഇന്ത്യൻ ബൗളിങ്ങിൽ മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ ബുംമ്രയുമായി സംസാരിക്കും.' സാഹചര്യങ്ങൾ മനസിലാക്കി പന്തെറിയാൻ ശ്രമിക്കുമെന്നും കംബോജ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് അൻഷുൽ കംബോജിന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു. ഇംഗ്ലണ്ട് ഓപണർ ബെൻ ഡക്കറ്റിനെ പുറത്താക്കി കംബോജ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
Content Highlights: 'Not satisfied with my bowling' – Debutant Anshul Kamboj