റിഷഭ് പന്തിന് പകരക്കാരനാകാൻ ഇഷാൻ കിഷൻ എത്തില്ല; എന്‍ ജഗദീശനെ പരി​ഗണിക്കാൻ ബിസിസിഐ

ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ബാറ്റുചെയ്യുന്നതിനിടെയാണ് റിഷഭ് പന്തിന് പരിക്കേറ്റത്

dot image

ഇം​ഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ കാലിന് പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് പകരക്കാരനകാൻ ഇഷാൻ കിഷന് കഴിയില്ല. കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ ടീമിനൊപ്പം ചേരാനാവില്ലെന്ന് ഇഷാൻ കിഷൻ അറിയിക്കുകയായിരുന്നു. ഇതോടെ തമിഴ്നാട്ടിൽ നിന്നുള്ള എൻ ജ​ഗദീശനെ വിക്കറ്റ് കീപ്പറായി ടീമിലെത്തിക്കാനാണ് ബിസിസിഐ പദ്ധതി.

ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ബാറ്റുചെയ്യുന്നതിനിടെയാണ് റിഷഭ് പന്തിന് പരിക്കേറ്റത്. പിന്നാലെ താരം ചികിത്സയ്ക്കായി മടങ്ങി. നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം പരിക്ക് പൂർണമായും ഭേദമാകാതെ റിഷഭ് ബാറ്റിങ്ങിനെത്തിയിരുന്നു. ക്രീസിൽ റൺസിനായി ഓടാൻ പോലും റിഷഭ് ബുദ്ധിമുട്ടിയിരുന്നു. ഇതോടെ അടുത്ത ടെസ്റ്റിൽ റിഷഭ് കളിക്കില്ലെന്ന് ഉറപ്പായി. ആറ് ആഴ്ചത്തെ വിശ്രമമാണ് റിഷഭിന് മെഡിക്കൽ സംഘം നിർദ്ദേശിച്ചിരിക്കുന്നത്.

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ നിലവിൽ ഇന്ത്യൻ ടീമിനൊപ്പമുള്ള വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലാകും കളിക്കുക. റിഷഭിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പറുടെ റോൾവഹിക്കുന്നതും ധ്രുവ് ജുറേലാണ്. എങ്കിലും ബാക്ക് അപ്പ് കീപ്പറായി ഒരാളെ കൂടി ബിസിസിഐ ടീമിലെത്തിക്കും. കിഷൻ പരിക്കാണെന്ന് അറിയിച്ചതിനാൽ എൻ ജ​ഗദീശൻ ഇന്ത്യൻ ടീമിലെത്തിയേക്കും.

തമിഴ്നാടിനായി 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരമാണ് എൻ ജഗദീശന്‍. 47.50 ശരാശരിയില്‍ 10 സെ‍ഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും അടക്കം 3373 റൺസ് താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്. കഴിഞ്ഞ രഞ്ജി സീസണില്‍ രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും അടക്കം 56.16 ശരാശരിയില്‍ 674 റണ്‍സാണ് ജഗദീശന്‍ നേടിയത്. ജൂലൈ 31 മുതല്‍ കെന്നിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്.

Content Highlights: N Jagadeesan set to be added as a cover for Rishabh Pant

dot image
To advertise here,contact us
dot image