
കാസർകോട് നിന്ന് കെഎസിഎല്ലിലേക്ക് ഇത്തവണ നാല് താരങ്ങളാണ് ഉള്ളത്. കഴിഞ്ഞ സീസണിൽ തിളങ്ങിയ മൊഹമ്മദ് അസറുദ്ദീനും ശ്രീഹരി എസ് നായർക്കും അൻഫൽ പി.എമ്മിനുമൊപ്പം മൊഹമ്മദ് കൈഫും ഇത്തവണ ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരള ടീമിൻ്റെ ബാറ്റിങ് നെടുംതൂണായ മൊഹമ്മദ് അസറുദ്ദീനെ ആലപ്പി റിപ്പിൾസ് നിലനിർത്തുകയായിരുന്നു. ഏഴര ലക്ഷം രൂപയ്ക്കാണ് ആലപ്പി അസറുദ്ദീനെ നിലനിർത്തിയത്. കഴിഞ്ഞ വർഷം അസറുദ്ദീനായിരുന്നു ആലപ്പിയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത്. നാല് അർദ്ധ സെഞ്ച്വറികളടക്കം 410 റൺസായിരുന്നു അസറുദ്ദീൻ നേടിയത്. രഞ്ജി സെമിഫൈനലിലെ ഉജ്ജ്വല സെഞ്ച്വറിയടക്കം കഴിഞ്ഞ സീസണിലാകെ മികച്ച ഫോമിലായിരുന്നു താരം. കെസിഎല്ലിലും ഇത് തുടരാനായാൽ, ആലപ്പിയെ സംബന്ധിച്ച് മുതൽക്കൂട്ടാവും.
അസറുദ്ദീനൊപ്പം നാട്ടുകാരനായ ശ്രീഹരി എസ് നായരും ഇത്തവണ ആലപ്പി റിപ്പിൾസ് ടീമിലുണ്ട്. കഴിഞ്ഞ വർഷം ട്രിവാൺഡ്രത്തിനായി കളിച്ച ശ്രീഹരിയെ നാല് ലക്ഷം രൂപയ്ക്കാണ് ആലപ്പി ടീമിലെത്തിച്ചത്. ആദ്യ സീസണിൽ ഒൻപത് മല്സരങ്ങളിൽ നിന്ന് ശ്രീഹരി 13 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ മികവാണ് രണ്ടാം സീസണിലും ശ്രീഹരിക്ക് കെസിഎല്ലിലേക്ക് വഴിയൊരുക്കിയത്.
കഴിഞ്ഞ സീസണിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഓൾ റൗണ്ടറായ പള്ളം അൻഫലിനെ ഒന്നര ലക്ഷത്തിന് നിലനിർത്തുകയായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. പത്ത് ഇന്നിങ്സുകളിലായി 106 റൺസ് നേടിയ അൻഫൽ അഞ്ച് വിക്കറ്റുകളും നേടിയിരുന്നു. തുടർന്ന് നടന്ന പ്രസിഡൻസ് കപ്പ് അടക്കമുള്ള ടൂർണ്ണമെൻ്റുകളിലും മികച്ച പ്രകടനമായിരുന്നു അൻഫലിൻ്റേത്. മൊഹമ്മദ് കൈഫാണ് ജില്ലയിൽ നിന്ന് കെസിഎൽ കളിക്കുന്ന മറ്റൊരു താരം. ഒന്നര ലക്ഷം രൂപയ്ക്കാണ് കൈഫിനെ ആലപ്പുഴ സ്വന്തമാക്കിയത്.
Content Highlights: Four players, including Mohammad Azharuddin, from Kasaragod to join KCL second season