
ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബാറ്റര്‍ മനോജ് തിവാരി. ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായക പദവി ഏറ്റെടുത്തശേഷമുള്ള ശുഭ്മന്‍ ഗില്ലിന്റെ ആക്രമണോത്സുക ശൈലിക്കെതിരെയാണ് തിവാരി ആഞ്ഞടിച്ചത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയെ ഗില്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നാണും ഇത്തരത്തിലുള്ള പെരുമാറ്റം തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും തിവാരി പ്രതികരിച്ചു.
‘ക്യാപ്റ്റൻ ഗിൽ കാര്യങ്ങൾ ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമല്ല. കഴിഞ്ഞ തവണ വിരാട് കോഹ് ലി ചെയ്തത് അനുകരിക്കാൻ ഗിൽ ശ്രമിക്കുകയാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ഈ രീതി ഗില്ലിന്‍റെ ബാറ്റിങ്ങിനെ സഹായിക്കില്ല. ഐപിഎല്ലിൽ ക്യാപ്റ്റനായത് മുതലാണ് കൂടുതലായി അഗ്രസീവ് ശൈലിയിലേക്ക് ഗിൽ വരുന്നത്. അമ്പയർമാരോടുപോലും തർക്കിക്കുകയാണ്. ഇത് ഗില്ലിൽനിന്ന് ആരും പ്രതീക്ഷിച്ചിരുന്ന കാര്യമല്ല. താരത്തിന് അത്തരത്തിലുള്ള അഗ്രഷന്‍ കാണിക്കേണ്ട ആവശ്യമില്ല, ഒന്നും തെളിയിക്കേണ്ടതുമില്ല’ -മനോജ് തിവാരി പറഞ്ഞു.
‘ഗില്ലിന് അദ്ദേഹത്തിന്‍റെ തന്നെ ആക്രമണോത്സുക ശൈലിയിൽ തുടരാൻ കഴിയും. അതിന് വേണ്ടി ഗ്രൗണ്ടിൽ തർക്കിക്കേണ്ട ആവശ്യമില്ല. ടെസ്റ്റ് മത്സരങ്ങൾ ജയിച്ചുകൊണ്ടും അഗ്രഷന്‍ കാണിക്കാം. ഇന്ത്യക്ക് പരമ്പരയിൽ 2-1ന് എളുപ്പത്തിൽ മുന്നിലെത്താൻ കഴിയുമായിരുന്നു. അത്തരം ആക്രമണോത്സുകത മത്സരത്തില്‍ നല്ലതല്ല, പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനിൽ നിന്ന്’,തിവാരി കൂട്ടിച്ചേർത്തു.
ലോഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം മത്സരം അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപ് ഗില്ലും സാക് ക്രൗളിയും തമ്മിൽ വാക്കേറ്റമുണ്ടായത് വലിയ വാർത്തയായിരുന്നു. ഇംഗ്ലണ്ട് ബാറ്റർ വെറുതെ സമയം കളയുകയാണെന്ന് ആരോപിച്ച് ഗിൽ ചോദ്യം ചെയ്യുകയായിരുന്നു.
അതേസമയം ലോർഡ്സിൽ 22 റൺസിന് പൊരുതിത്തോറ്റ ഇന്ത്യ പരമ്പരയിൽ 2-1ന് പിന്നിലാണ്. അതുകൊണ്ടു തന്നെ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് ടീം ഇന്ത്യക്ക് നിർണായകമാണ്.
Content Highlights: Shubman Gill trying to copy Virat Kohli with aggression: Former India cricketer Manoj Tiwary bashes Indian Captain