'അച്ഛനെ തല്ലിയ ആളല്ലേ? മിണ്ടില്ല!, ശ്രീശാന്തിന്റെ മകൾ പറഞ്ഞു'; ഹൃദയം നുറുങ്ങിയ നിമിഷത്തെ കുറിച്ച് ഹർഭജൻ

ശ്രീശാന്തിനോട് ഇനിയും പൊതുവേദിയില്‍ മാപ്പു പറയാന്‍ തയാറാണന്ന് ഹർഭജൻ

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പ്രഥമ സീസണിൽ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് മലയാളി താരവും ഇന്ത്യന്‍ പേസറുമായിരുന്ന എസ് ശ്രീശാന്തിന്റെ മുഖത്തടിച്ചത് വലിയ വിവാദമായ സംഭവമായിരുന്നു. 17 വർഷങ്ങൾക്കിപ്പുറം ആ സംഭവത്തെ കുറിച്ച് കൂടുതൽ‌ തു‌റന്നുപറയുകയാണ് ഹർഭജൻ സിങ്. ശ്രീശാന്തിനെ തല്ലിയ സംഭവം തന്‍റെ ഭാഗത്ത് നിന്നുണ്ടായ പൊറുക്കാനാവാത്ത തെറ്റാണന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

ശ്രീശാന്തിനോട് ഒരു ഇരുന്നൂറ് തവണയെങ്കിലും താന്‍ ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും ഇനിയും പൊതുവേദിയില്‍ മാപ്പു പറയാന്‍ തയാറാണന്നും ഹർഭജൻ തുറന്നുപറഞ്ഞു. ആ സംഭവം ശ്രീശാന്തിന്റെ മകളില്‍ ഉണ്ടാക്കിയ ആഘാതവും താന്‍ ഈയടുത്ത് അനുഭവിച്ചതായും ഹര്‍ഭജന്‍ പറയുന്നു. ആര്‍ അശ്വിന്‍റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു ഹര്‍ഭജന്‍ സിങ് മനസുതുറന്നത്.

'എന്റെ ജീവിതത്തില്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ശ്രീശാന്തുമായുള്ള ആ സംഭവം. അന്ന് സംഭവിച്ചത് വലിയ പിഴവായിരുന്നു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഞാന്‍ ചെയ്തത്. ഒരു 200 തവണയെങ്കിലും ക്ഷമ പറഞ്ഞിട്ടുണ്ട്.'

'വര്‍ഷങ്ങള്‍ക്കു ശേഷവും അതുമായി ബന്ധപ്പെട്ടതും വല്ലാതെ വേദനിപ്പിക്കുന്നതുമായ ചില വൈകാരിക അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ശ്രീശാന്തിന്റെ മകളെ ഞാന്‍ ഒരിക്കല്‍ കണ്ടുമുട്ടിയിരുന്നു. അവളോടു ഞാന്‍ വളരെ സ്‌നേഹത്തോടെ സംസാരിക്കാന്‍ ആരംഭിച്ചു. എന്നാൽ അവൾ എന്നോട് ചോദിച്ചത്, നിങ്ങളെന്‍റെ അച്ഛനെ തല്ലിയ ആളല്ലേ, ഞാന്‍ നിങ്ങളോട് സംസാരിക്കാനില്ലെന്നായിരുന്നു. ആ വാക്കുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു. ഞാന്‍ കരച്ചിലിന്‍റെ വക്കത്തായി.

'എന്നെക്കുറിച്ച് ആ കുഞ്ഞ് എന്തായിരിക്കും ധരിച്ചുവെച്ചിരിക്കുന്നത് എന്നോര്‍ത്ത് എന്‍റെ ഹൃദയം നുറുങ്ങി. അവള്‍ ഏറ്റവും മോശം ആളായിട്ടായിരിക്കും എന്നെ കാണുന്നത് അല്ലേ? അവളുടെ അച്ഛനെ തല്ലിയ ആളായാണ് ആ കുഞ്ഞ് എന്നെ കാണുന്നത്. എനിക്കു വിഷമം തോന്നി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ മകളോടു ഞാന്‍ ക്ഷമ ചോദിക്കുന്നു'- ഹര്‍ഭജന്‍ വ്യക്തമാക്കി.

2008-ല്‍ മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും (പഞ്ചാബ് കിങ്‌സ്) മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ പോരാട്ടത്തിലെ പത്താം മത്സരത്തിനു പിന്നാലെയാണ് ഏറെ വിവാദം സൃഷ്ടിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. അന്ന് മത്സര ശേഷം ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മഖത്തടിക്കുകയും ശ്രീശാന്ത് പൊട്ടിക്കരഞ്ഞതുമെല്ലാം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തിനു പിന്നാലെ ഹര്‍ഭജന് ആ സീസണില്‍ ഐപിഎല്‍ വിലക്കും ലഭിച്ചിരുന്നു.

ആ സംഭവത്തിനുശേഷം ശ്രീശാന്തും ഹര്‍ഭജനും സുഹൃത്തുക്കളായിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഒരുമിച്ച് കളിക്കുകയും ചെയ്തു. വിരമിക്കലിന് ശേഷം ലെജൻഡ്സ് ലീ​ഗടക്കമുള്ള വിവിധ ലീഗുകളിലും ഇരുവരും ഒരുമിച്ച് കളിക്കുകയും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Harbhajan Singh recalls emotional conversation with Sreesanth’s daughter

dot image
To advertise here,contact us
dot image