'​ഗിൽ‌ ജഡേജയോട് അത് പറയണമായിരുന്നു'; ലോർഡ്സ് തോൽവിയിൽ രൂക്ഷവിമർശനവുമായി മുൻ കോച്ച്

‘അവസാനത്തെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരുന്നു ജഡേജ'

dot image

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തെ വിലയിരുത്തി മുന്‍ ഇന്ത്യന്‍ കോച്ച് ​ഗ്രെ​ഗ് ചാപ്പൽ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി നേടി പിടിച്ചുനിന്ന ജഡേജയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ജയപ്രതീക്ഷ നല്‍കിയത്. എന്നാല്‍ ഷുഐബ് ബഷീറിന്റെ പന്തില്‍ മുഹമ്മദ് സിറാജ് പുറത്തായതോടെ ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ അടിയറവ് പറയുകയായിരുന്നു.

22 റണ്‍സ് ദൂരത്തില്‍ ഇന്ത്യ പരാജയമേറ്റു വാങ്ങുമ്പോള്‍ ജഡേജ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതിന് പിന്നാലെ ജഡേജയുടെ പ്രകടനത്തെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ജഡേജയെയും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിനെയും വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍.

ഇന്ത്യയുടെ അവസാനത്തെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരുന്ന ജഡേജ മത്സരം വിജയിക്കാന്‍ പന്തുകള്‍ വിട്ടുകൊടുക്കുകയോ സിംഗിള്‍സ് എടുക്കുകയോ അല്ലായിരുന്നു വേണ്ടതെന്നാണ് ചാപ്പലിന്‍റെ അഭിപ്രായം. വിജയമുറപ്പാക്കുന്നതിന് ജഡേജ റിസ്‌ക് എടുക്കണമായിരുന്നു. അതിനുള്ള നിര്‍ദേശം ഡ്രസ്സിങ് റൂമില്‍ നിന്ന് ക്യാപ്റ്റനായിരുന്നു നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവസാനത്തെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരുന്നു ജഡേജ. ലക്ഷ്യം പിന്തുടരുന്നതില്‍ ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍ അതിനുവേണ്ടി അദ്ദേഹം നന്നായി റിസ്‌കുകള്‍ എടുക്കണമായിരുന്നു. അല്ലാതെ പന്തുകള്‍ വിട്ടുകൊടുക്കുകയും സിംഗിള്‍സ് നേടുകയുമല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത്.. എങ്ങനെ കളിക്കണമെന്നുള്ള നിർദേശം ഡ്രസ്സിങ് റൂമില്‍ നിന്ന് ക്യാപ്റ്റന്‍ ​ഗില്ലായിരുന്നു നല്‍കേണ്ടിയിരുന്നത്’, ഗ്രെഗ് ചാപ്പല്‍ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ കോളത്തില്‍ കുറിച്ചു.

അതേസമയം ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ ഏറെ നിര്‍ണായകമായ നാലാം ടെസ്റ്റിന് ഒരുങ്ങുകയാണ് ഇന്ത്യ. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പരയില്‍ സമനില നേടാനാകും. എന്നാല്‍ തോല്‍വിയാണെങ്കില്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കും. ജൂലൈ 23 നാണ് നാലാം ടെസ്റ്റ് മത്സരം ആരംഭിക്കുക.

Content Highlights: Greg Chappell fires at Shubman Gill and Ravindra Jadeja for India's loss at Lord's

dot image
To advertise here,contact us
dot image