രാഹുൽ വ്യക്തി​ഗത നേട്ടത്തിനായി കളിച്ചതാണോ വിനയായത്? ​ഗില്ലിന്റെ പ്രതികരണം

'ഒന്നാം ഇന്നിങ്സിൽ 100 റണ്‍സ് ലീഡെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ'

dot image

ലോർഡ്സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ നിരയിലെ ഏക സെഞ്ചൂറിയൻ കെ.എൽ രാഹുലായിരുന്നു. റിഷഭ് പന്തുമായി ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തി കൊണ്ടിരിക്കേ സെഞ്ച്വറിക്കായി രാഹുൽ കാണിച്ച ധൃതി ഇന്ത്യയുടെ ബാറ്റിങ് തകർച്ചക്ക് കാരണമായി. റിഷഭ് പന്തിന്റെ റണ്ണൗട്ടിൽ വരെ ഇത് കലാശിച്ചു. പന്തിന്റെ റണ്ണൗട്ടിനും ഇന്ത്യയുടെ ബാറ്റിങ് തകർച്ചക്കും കാരണം സെഞ്ച്വറിക്കായുള്ള തന്റെ ധൃതിയായിരുന്നു എന്ന് രാഹുൽ പിന്നീട് തുറന്ന് സമ്മതിച്ചു.

ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ​ഗിൽ. റിഷഭ് പന്തിന്റെ റണ്ണൗട്ട് തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു എന്നാണ് ​ഗില്ലിന്റെ പ്രതികരണം.

' പന്തിന്റെ വിക്കറ്റ് കളിയിൽ ഏറെ നിർണായകമായി. ഒന്നാം ഇന്നിങ്സിൽ അൻപതോ നൂറോ റൺസ് ലീഡെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. ലോർഡ്സിൽ അഞ്ചാം ദിനം ബാറ്റിങ് ഏറെ ദുഷ്കരമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു'- ഗില്‍ പറഞ്ഞു.

അതേ സമയം രാഹുൽ വ്യക്തി​ഗത നേട്ടത്തിന് വേണ്ടി കളിച്ചത് കൊണ്ടാണ് പന്ത് റൺ ഔട്ടായത് എന്ന് കരുതുന്നില്ലെന്ന് ​ഇന്ത്യന്‍ നായകന്‍ പ്രതികരിച്ചു. ' ജഡ്ജ്മെന്‍റിലെ പിഴവാണ് അവിടെ സംഭവിച്ചത്. ഉച്ചഭക്ഷണത്തിന് മുമ്പ് സെഞ്ച്വറി നേടുമെന്ന് രാഹുൽ ഭായ് പന്തിനോട് പറഞ്ഞിട്ടുണ്ട്. ഒരു ബാറ്റർ എപ്പോഴും സമ്മർദത്തിലായിരിക്കുമല്ലോ. അദ്ദേ​ഹം വ്യക്തി​ഗത നേട്ടത്തിനായി കളിച്ചത് കൊണ്ടാണ് ആ റണ്‍ ഔട്ട് സംഭവിച്ചത് എന്ന് ഞാൻ കരുതുന്നില്ല. പന്ത് ബാറ്റിൽ കൊണ്ടതും റിഷഭ് റണ്ണിനായി കോൾ ചെയ്തു. എന്നാൽ രാഹുൽ ഭായിക്ക് ഓടിയെത്തൽ പ്രയാസമായിരുന്നു. ഇത് ഏത് ബാറ്റർക്ക് വേണമെങ്കിലും സംഭവിക്കാം''- ​ഗിൽ പറഞ്ഞു.

Storyhighlight: kl Rahul's personal milestone led to loss? Gill's response

dot image
To advertise here,contact us
dot image