
ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ മിന്നും ഫോം തുടർന്ന് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. താരം 52 പന്തിലാണ് സെഞ്ച്വറി നേടിയത്. ഏഴ് സിക്‌സറും പത്ത് ഫോറുകളും ഈ ഗംഭീര ഇന്നിങ്സിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മത്സരങ്ങളിലും താരം മികച്ച വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി പതിയെ തുടങ്ങിയ വൈഭവ് പിന്നാലെ കത്തിക്കയറുകയായിരുന്നു. 24 പന്തില്‍ ആണ് വൈഭവ് അര്‍ധസെഞ്ച്വറി തികയ്ക്കുന്നത്. പിന്നാലെ വീണ്ടും വെടിക്കെട്ടോടെ താരം ക്രീസില്‍ താണ്ഡവമാടി. പിന്നാലെ അതിവേഗം സെഞ്ച്വറിയിലുമെത്തി. 52 പന്തില്‍ നിന്നാണ് വൈഭവ് മൂന്നക്കം തൊട്ടത്. അണ്ടര്‍ 19 ഏകദിനചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്.
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അര്‍ധസെഞ്ച്വറി തികച്ചിരുന്നു. 20 പന്തില്‍ നിന്ന് താരം അര്‍ധസെഞ്ച്വറിയും നേടി. അതോടെ അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധസെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വൈഭവ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തില്‍ 19 പന്തില്‍ നിന്ന് 48 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാം ഏകദിനത്തില്‍ 45 റണ്‍സുമെടുത്തു.
Content Highlights: Vaibhav continues to shine; scores century on English soil