'അനുഭവസമ്പത്ത് കുറവായിരിക്കും, പക്ഷേ കഴിവുള്ള പേസ് നിരയാണ് ഇം​ഗ്ലണ്ട് ടീം': ബെൻ സ്റ്റോക്സ്

'ഇതൊരു അഞ്ച് മത്സര പരമ്പരയാണ്. അതിനാൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ടീമിൽ മാറ്റങ്ങൾ വരുത്തും'

dot image

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇം​ഗ്ലണ്ടിന്റെ അനുഭവസമ്പത്ത് കുറഞ്ഞ പേസ് നിര ഒരു പ്രശ്നമല്ലെന്ന് ഇം​ഗ്ലീഷ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. മറ്റെന്നാൾ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായുള്ള വാർത്താസമ്മേളനത്തിലാണ് സ്റ്റോക്സിന്റെ പ്രതികരണം. ഇം​ഗ്ലണ്ട് ടീമിൽ കഴിവുള്ള പേസർമാരാണുള്ളതെന്നും സ്റ്റോക്സ് പറഞ്ഞു.

'താരങ്ങൾ ഓരോ കാലഘട്ടത്തിൽ അവരുടെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിക്കും. ഇം​ഗ്ലണ്ടിന് ലഭിച്ചിരിക്കുന്ന അവിശ്വസനീയമായ കഴിവുള്ള പേസ് ബൗളർമാരെയാണ്. ചിലപ്പോൾ ഒരു ടീമിലെ അനുഭവസമ്പത്തിനെക്കുറിച്ച് ഒരുപാട് ചിന്തിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഒടുവിൽ താരങ്ങളുടെ കഴിവുകളാണ് പ്രധാനം,' സ്റ്റോക്സ് പ്രതികരിച്ചു.

'ഇതൊരു അഞ്ച് മത്സര പരമ്പരയാണ്. അതിനാൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ടീമിൽ മാറ്റങ്ങൾ വരുത്തും. എന്നാൽ ഇംഗ്ലണ്ടിന്റെ ബൗളിങ് നിലവിലുള്ള അവസ്ഥയിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഓരോ മത്സരത്തിലും ആവശ്യമായ മാറ്റത്തെക്കുറിച്ച് ഇം​ഗ്ലണ്ട് ടീമിന് നന്നായി അറിയാം. തീർച്ചയായും ടീമിന് വ്യത്യസ്തമായ തന്ത്രങ്ങൾ ഉണ്ടാവും. അപ്രതീക്ഷിതമായ മാറ്റങ്ങളും ടീമിൽ നടപ്പിലാക്കും,' സ്റ്റോക്സ് വ്യക്തമാക്കി.

അതിനിടെ ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിൽ ഇന്ത്യയെ നേരിടാൻ തയ്യാർ എന്ന തലക്കെട്ടോടെയാണ് ആദ്യ ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീമിലെ താരങ്ങളുടെ പേര് പുറത്തുവിട്ടത്. ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ നാല് പേസർമാരും ഒരു സ്പിന്നർമാരുമാണുള്ളത്.

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്, ഷുഹൈബ് ബഷീർ.

Content Highlights: Ben Stokes unworried about England’s inexperienced bowling unit

dot image
To advertise here,contact us
dot image