'എന്തുചെയ്യാം അമ്മേ! പൂജാര എന്നൊരു ബാറ്ററുണ്ട്'; പൂജാരയെ പുറത്താക്കുന്നത് ആലോചിച്ചിരുന്നെന്ന് രോഹിത്

'പൂജാര ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി വെയിലത്ത് ഫീല്‍ഡ് ചെയ്യേണ്ടി വരുമായിരുന്നു'

'എന്തുചെയ്യാം അമ്മേ! പൂജാര എന്നൊരു ബാറ്ററുണ്ട്'; പൂജാരയെ പുറത്താക്കുന്നത് ആലോചിച്ചിരുന്നെന്ന് രോഹിത്
dot image

ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ് മികവിനെ വാനോളം പുകഴ്ത്തി ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ജൂനിയര്‍ ക്രിക്കറ്റ് താരമായിരുന്ന കാലഘട്ടങ്ങളില്‍ താനും മുംബൈയിലെ സഹ താരങ്ങളും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് പൂജാരയെ എങ്ങനെ പുറത്താക്കാം എന്നതിനെ കുറിച്ച് മാത്രമായിരുന്നുവെന്നും രോഹിത് തുറന്നു പറഞ്ഞു. പൂജാരയുടെ ഭാര്യ പൂജയുടെ 'ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്സ് വൈഫ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ആഭ്യന്തര ക്രിക്കറ്റ് ദിനങ്ങള്‍ ഓര്‍ത്തെടുത്ത് രോഹിത് സംസാരിച്ചത്.

ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ രണ്ടും മൂന്നും ദിവസങ്ങള്‍ വരെ ക്രീസില്‍ ഉറച്ചു നിന്നു ബാറ്റ് ചെയ്യാനുള്ള പൂജാരയുടെ മികവിനെയാണ് രോഹിത് പ്രശംസിച്ചത്. പൂജാരയ്‌ക്കെതിരെ കളിക്കുമ്പോഴുണ്ടാകുന്ന ആശങ്ക തന്റെ അമ്മയോട് പങ്കുവയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും രോഹിത് ചടങ്ങില്‍ പറഞ്ഞു. പൂജാരയ്ക്കെതിരെ വെയിലില്‍ കളിച്ചതിന് ശേഷം തന്റെ ലുക്കില്‍ വളരെയധികം മാറ്റം വരുമെന്ന് അമ്മ അല്‍പ്പം വിഷമിക്കാറുണ്ടെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തമാശയോടെ ഓര്‍ത്തു.

പൂജാരയുടെ ഭാര്യ പൂജയുടെ 'ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്സ് വൈഫ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്

'എനിക്കിപ്പോഴും ഓര്‍മയുണ്ട്. ടീം മീറ്റിങ്ങുകളില്‍ പൂജാരയെ എങ്ങനെ പുറത്താക്കാം എന്നതിനെ കുറിച്ചായിരുന്നു ഞങ്ങളുടെ പ്രധാന ചര്‍ച്ചകള്‍. പൂജാരയെ പുറത്താക്കിയില്ലെങ്കില്‍ ഞങ്ങള്‍ കളി തോല്‍ക്കും. പൂജാര ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി വെയിലത്ത് ഫീല്‍ഡ് ചെയ്യേണ്ടി വരുമായിരുന്നു. മത്സരം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും മുഖത്തിന്റെ നിറം മാറിയിട്ടുണ്ടാകും', രോഹിത് പറഞ്ഞു.

'എനിക്ക് 14 വയസ്സുള്ള സമയമാണ്. ടീമിനായി കളിക്കാന്‍ പോയാല്‍ പത്ത് ദിവസമൊക്കെ കഴിഞ്ഞായിരിക്കും വീട്ടില്‍ തിരിച്ചെത്തുക. കളിക്കാന്‍ വീട്ടില്‍ നിന്നു പോകുമ്പോഴുള്ള അവസ്ഥയായിരിക്കില്ല തിരിച്ചെത്തുമ്പോള്‍. അക്കാലത്ത് അമ്മ എന്നോടു രണ്ട് മൂന്ന് തവണ ഇക്കാര്യം ചോദിച്ചിട്ടുണ്ട്. അപ്പോള്‍ ഞാന്‍ പൂജാരയെ കുറിച്ച് അമ്മയോട് പറയാറുണ്ട്. ചേതേശ്വര്‍ പൂജാര എന്നൊരു ബാറ്റ്സ്മാനുണ്ട് അമ്മേ. എന്ത് ചെയ്യാന്‍ പറ്റും? അദ്ദേഹം രണ്ടും മൂന്നും ദിവസമൊക്കെയാണ് തുടര്‍ച്ചയായി ബാറ്റ് ചെയ്യുന്നത് എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. അതായിരുന്നു ഞങ്ങള്‍ക്ക് അദ്ദേഹത്തെ കുറിച്ച് ആദ്യം തോന്നിയ മതിപ്പ്', രോഹിത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ എക്കാലത്തെയും വിശ്വസ്തനായ മധ്യനിരാതാരമാണ് ചേതേശ്വര്‍ പൂജാര. ഇന്ത്യയ്ക്ക് വേണ്ടി 103 ടെസ്റ്റുകളാണ് പൂജാര കളിച്ചത്. 7195 റണ്‍സ് നേടി. 206 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 5 ഏകദിനങ്ങളും ഇന്ത്യക്കായി കളിച്ചു.

നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ താരമാണ് പൂജാര. രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. ഇംഗ്ലീഷ് കൗണ്ടിയില്‍ വിവിധ ടീമുകള്‍ക്കായും പൂജാര കളിച്ചിട്ടുണ്ട്. നോട്ടിങ്ഹാംഷെയര്‍, ഡെര്‍ബിഷെയര്‍, സസക്സ്, യോര്‍ക്ഷെയര്‍ ടീമുകള്‍ക്കായി കൗണ്ടിയില്‍ കളിച്ചു.

Content Highlights: Rohit Sharma Discusses Team Strategies for Dismissing Cheteshwar Pujara in Junior Cricket

dot image
To advertise here,contact us
dot image