
ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എ ടീമിന്റെ രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കുക. നോര്‍ത്താംപ്ടണിലെ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. കെ എൽ രാഹുൽ ടീമിലേക്കെത്തുന്നതോടെ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകുമെന്ന് ഉറപ്പായി. ഓപണറുടെ റോളിലാവും രാഹുൽ കളിക്കുക. അങ്ങനെയെങ്കിൽ യശസ്വി ജയ്സ്വാൾ - കെ എൽ രാഹുൽ സഖ്യം ഇന്ത്യയ്ക്കായി ഓപൺ ചെയ്യും.
ടെസ്റ്റ് ടീം നായകന് ശുഭ്മന്‍ ഗില്ലിനും സായ് സുദര്‍ശനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റിലും ഇരുവരും കളിച്ചിരുന്നില്ല. ഇതോടെ അഭിമന്യു ഈശ്വരൻ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് തുടർന്നേക്കും. ആദ്യ ടെസ്റ്റിൽ ഓപണറുടെ റോളിലായിരുന്നു താരം കളിച്ചത്. അഭിമന്യു ഈശ്വരൻ മധ്യനിരയിലേക്ക് മാറുമ്പോൾ ജൂൺ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ടീമിൽ ഇടം ലഭിക്കാതിരുന്ന സർഫറാസ് ഖാനെ നാളത്തെ ഇന്ത്യ എ ടീമിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത.
ആദ്യ മത്സരത്തിൽ ഇരുടീമിന്റെയും ബാറ്റർമാർ മികച്ച ഫോമിലേക്ക് ഉയർന്നതോടെ വലിയ റൺസൊഴുക്ക് ഉണ്ടായിരുന്നു. ഇതോടെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. എങ്കിലും ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളെല്ലാം മികവ് കാട്ടിയത് ഇന്ത്യ എക്ക് ആശ്വാസമായി.
Content Highlights: The second unofficial Test match between India A and England Lions will begin today