
ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലിലെത്തിച്ച നായകനായി ശ്രേയസ് അയ്യർ. 2020ൽ ഡൽഹി ക്യാപിറ്റൽസും 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും 2025ൽ പഞ്ചാബ് കിങ്സും ശ്രേയസ് അയ്യരിന്റെ ക്യാപ്റ്റൻസി മികവിൽ ഫൈനൽ കളിച്ച ടീമുകളാണ്. ഇതിൽ 2020ൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ വിജയിപ്പിക്കാൻ ശ്രേയസ് അയ്യരിന് കഴിഞ്ഞില്ല. എന്നാൽ 2024ൽ ശ്രേയസ് അയ്യരിന്റെ നായകമികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടി. ഇത്തവണ പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ഐപിഎൽ ഫൈനൽ നടക്കുക.
ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്സ് ഐപിഎല്ലിന്റെ ഫൈനലിൽ കടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. 44 റൺസ് വീതം നേടിയ സൂര്യകുമാർ യാദവ്, തിലക് വർമ, 38 റൺസെടുത്ത ജോണി ബെയർസ്റ്റോ എന്നിവരാണ് മുംബൈ നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് കിങ്സ് ലക്ഷ്യത്തിലെത്തി. പുറത്താകാതെ 87 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ വിജയശിൽപി. നേഹൽ വധേര 48 റൺസും ജോഷ് ഇൻഗ്ലീഷ് 38 റൺസും സംഭാവന ചെയ്തു. നാളെയാണ് ഐപിഎല്ലിന്റെ കിരീടപ്പോര് നടക്കുക.
Content Highlights: Shreyas Iyer has now led three different teams to IPL finals