ഇം​ഗ്ലണ്ടിൽ സെഞ്ച്വറിയുമായി അശുതോഷ് ശർമ; ടീമിനെ മികച്ച സ്കോറിലെത്തിച്ച പോരാട്ടം

ഒരു ഘട്ടത്തിൽ മൂന്നിന് 17 എന്ന നിലയിൽ തകർന്ന ടീമിനെയാണ് അശുതോഷ് മികച്ച സ്കോറിലെത്തിച്ചത്

dot image

ഇം​ഗ്ലണ്ടിൽ ലിവർപൂൾ ആന്റ് ക്രിക്കറ്റ് കോമ്പറ്റീഷനിൽ സെഞ്ച്വറി നേട്ടവുമായി ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് താരവും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് മധ്യനിര ബാറ്ററുമായ അശുതോഷ് ശർമ. ലിവർപൂൾ ആന്റ് ക്രിക്കറ്റ് കോമ്പറ്റീഷനിൽ വിഗൻ ക്രിക്കറ്റ് ക്ലബിന്റെ താരമായാണ് അശുതോഷ് കളിച്ചത്. ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പ്രീമിയർ ലീ​ഗ് രീതിയിലുള്ള ടൂർണമെന്റാണിത്.

ഫോംബി എഫ് സിക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വി​ഗൻ ക്രിക്കറ്റ് ക്ലബ് ഒരു ഘട്ടത്തിൽ മൂന്നിന് 17 എന്ന നിലയിൽ തകർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അശുതോഷ് ക്രീസിലേക്കെത്തുന്നത്. ഓപണിങ് ബാറ്റർ അവീൻ ദാലുഗോഡയുമായി ചേർന്ന് നാലാം വിക്കറ്റിൽ അശുതോഷ് 153 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

73 പന്തിൽ എട്ട് ഫോറും ആറ് സിക്സറും സഹിതം 100 റൺസാണ് അശുതോഷ് നേടിയത്. അവീൻ ദാലു​ഗോഡ 86 റൺസും നേടി. 35-ാം ഓവറിലെ രണ്ടാം പന്തിൽ അശുതോഷ് പുറത്തായതിന് പിന്നാലെ വി​ഗൻ സി സി വീണ്ടും ബാറ്റിങ് തകർച്ച നേരിട്ടു. 51.2 ഓവറിൽ 241 റൺസിൽ വി​ഗൻ സി സിയുടെ എല്ലാ താരങ്ങളും പുറത്തായി. 10-ാമനായാണ് ഓപണർ അവീൻ ദാലു​ഗോഡ പുറത്താകുന്നത്.

മത്സരത്തിൽ വി​ഗൻ സി സിക്കെതിരെ ഫോംബി എഫ് സി നാല് വിക്കറ്റിന് വിജയിച്ചു. 52 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഫോംബി എഫ് സി വിജയലക്ഷ്യം മറികടന്നത്.

Content Highlights: Ashutosh Sharma smashed hundred in England

dot image
To advertise here,contact us
dot image