
ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മൻ ഗിൽ. മത്സരത്തിൽ മൂന്ന് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് നിർണായകമായെന്നാണ് ഗില്ലിന്റെ വാക്കുകൾ. 'മത്സരം ഗംഭീരമായിരുന്നു. ഗുജറാത്ത് നന്നായി മത്സരിച്ചു. എങ്കിലും അവസാനത്തെ മൂന്ന്, നാല് ഓവറിലാണ് ഗുജറാത്ത് മത്സരം കൈവിട്ടത്. നിർണായകമായ മൂന്ന് ക്യാച്ചുകൾ വിട്ടുകളഞ്ഞത് തിരിച്ചടിയായി. അതുകൊണ്ട് റൺസ് നിയന്ത്രിക്കാൻ ബൗളർമാർക്കും ബുദ്ധിമുട്ടായി,' ഗിൽ മത്സരശേഷം പ്രതികരിച്ചു.
'സായി സുദർശന്റെയും വാഷിങ്ടൺ സുന്ദറിന്റെയും മികച്ച പ്രകടനത്തെക്കുറിച്ചും ഗിൽ സംസാരിച്ചു. സ്വതസിദ്ധമായ ശൈലിയിൽ കളിച്ച് ടീമിനെ വിജയിപ്പിക്കാനായിരുന്നു ഇരുവരുടെയും ലക്ഷ്യം. മഞ്ഞുവീഴ്ച ഉണ്ടായിരുന്നതിനാൽ റൺസ് കണ്ടെത്താൻ എളുപ്പമായിരുന്നു. കഴിഞ്ഞ രണ്ട്, മൂന്ന് മത്സരങ്ങൾ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. എല്ലാ താരങ്ങൾക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ചും സായി സുദർശന്,' ഗിൽ വ്യക്തമാക്കി.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. പരാജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിൽ നിന്ന് പുറത്തായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. ഗുജറാത്തിന്റെ മറുപടി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെ നേരിടും.
Content Highlights: Shubman Gill on GT's elimination