'ഇത്രയും സാങ്കേതിക വിദ്യയുള്ള ടൂർണമെന്റ് അല്ലേ, ഈ തെറ്റുകൾ അംഗീകരിക്കാനാവില്ല': പ്രീതി സിന്റ

'തന്റെ കാൽ ബൗണ്ടറിയിൽ തൊട്ടെന്ന് കരുതിയ കരുൺ അത് സിക്സർ ആണെന്ന് സി​ഗ്നൽ കാണിക്കുകയും ചെയ്തു. എന്നാൽ തേർഡ് അംപയറിന്റെ പരിശോധനയിൽ അത് സിക്സർ അല്ലെന്നാണ് തീരുമാനമുണ്ടായത്'

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിലെ അംപയറിങ് പിഴവുകളെ വിമർശിച്ച് പഞ്ചാബ് കിങ്സ് സഹഉടമ പ്രീതി സിന്റ. 'ഇത്രയധികം സാങ്കേതിക വിദ്യകളുള്ള ടൂർണമെന്റിൽ അംപയറിങ് പിഴവുകൾ അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രീതി സിന്റയുടെ വാദം. ഐപിഎൽ വലിയൊരു ടൂർണമെന്റാണ്. മികച്ച സാങ്കേതിക വിദ്യകളുണ്ട്. എന്നിട്ടും തേർഡ് അംപയറിന് പിഴവുകൾ ഉണ്ടാകുന്നുവെന്നത് അം​ഗീകരിക്കാൻ കഴിയില്ല. അത് സംഭവിക്കാൻ പാടില്ല. മത്സരത്തിന് പിന്നാലെ ഞാൻ കരുൺ നായരോട് സംസാരിച്ചു. അത് തീർച്ചയായും ഒരു സിക്സർ ആണെന്ന് കരുൺ സ്ഥിരീകരിക്കുകയും ചെയ്തു. ഞാൻ എന്റെ ഭാ​ഗം വ്യക്തമാക്കുന്നു,' പ്രീതി സിന്റ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് ഇന്നിങ്സിന്റെ 15-ാം ഓവറിലാണ് സംഭവം. ഡൽഹി പേസർ മോഹിത് ശർമ എറിഞ്ഞ പന്തിൽ സിക്സർ പറത്താനുള്ള പഞ്ചാബ് താരം ശശാങ്ക് സിങ്ങിന്റെ ശ്രമം ബൗണ്ടറിയിൽ നിന്ന കരുൺ നായർ കൈപ്പിടിയിലാക്കാൻ ശ്രമിച്ചു. എന്നാൽ ബാലൻസ് തെറ്റിയ കരുൺ പന്ത് ​ഗ്രൗണ്ടിലേക്ക് തിരികെയിട്ടു. പിന്നാലെ തന്റെ കാൽ ബൗണ്ടറിയിൽ തൊട്ടെന്ന് കരുതിയ കരുൺ അത് സിക്സർ ആണെന്ന് സി​ഗ്നൽ കാണിക്കുകയും ചെയ്തു. എന്നാൽ തേർഡ് അംപയറിന്റെ പരിശോധനയിൽ അത് സിക്സർ അല്ലെന്നാണ് തീരുമാനമുണ്ടായത്. താരത്തിന്റെ കാല് ബൗണ്ടറിയിൽ തൊട്ടിട്ടില്ലെന്നായിരുന്നു തേർഡ് അംപയറിന്റെ പരിശോധനയിലെ കണ്ടെത്തൽ. ഇതിനെ വിമർശിച്ചാണ് പഞ്ചാബ് സഹഉടമ രം​ഗത്തെത്തിയത്.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനായിരുന്നു വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. 53 റൺസെടുത്ത ശ്രേയസ് അയ്യരാണ് ടോപ് സ്കോറർ. മാർകസ് സ്റ്റോയിനിസ് 46 പന്തിൽ പുറത്താകാതെ 44 റൺസും നേടി. മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപിറ്റൽസ് 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Content Highlights: Preity Zinta Tears Into Third Umpire Over Unacceptable Mistake

dot image
To advertise here,contact us
dot image