'അതിജീവിക്കുകയാണ്, എല്ലാ വര്‍ഷവും'; അഭ്യൂഹങ്ങള്‍ക്കിടെ തന്‍റെ ഫിറ്റ്നസിനെ കുറിച്ച് ധോണി

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അവസാന മത്സരത്തില്‍ ഫലം മറന്ന് ക്രിക്കറ്റ് ആസ്വദിക്കുകയാണ് ചെയ്യേണ്ടതെന്നും ധോണി ആരാധകരോടായി പറഞ്ഞു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ ഭാവിയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ ഫിറ്റ്‌നസിനെ കുറിച്ച് പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. 43കാരനായ സൂപ്പര്‍ താരത്തിന്റെ അവസാന സീസണായിരിക്കും ഇതെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ ഭാവിയെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും 2026 ലെ ഐപിഎല്ലിന് മുമ്പായി അടുത്ത എട്ട് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ധോണി പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ടോസിനിടെ രവി ശാസ്ത്രിയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് തന്റെ ഫിറ്റ്‌നസിനെ കുറിച്ചും ധോണി പ്രതികരിച്ചത്. ഓരോ വര്‍ഷവും തന്റെ ശരീരം അതിജീവിക്കുകയാണെന്നും കരിയറിന്റെ അവസാന ഘട്ടത്തിലായതിനാല്‍ എല്ലാ വര്‍ഷവും പുതിയ വെല്ലുവിളികള്‍ ഉണ്ടാവാറുണ്ടെന്നും ധോണി പറഞ്ഞു. തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിച്ച സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് ധോണി നന്ദി പറയുകയും ചെയ്തു.

'എന്റെ ശരീരം അതിജീവിക്കുകയാണ്. ഓരോ വര്‍ഷവും, പ്രത്യേകിച്ച് കരിയറിന്റെ അവസാന ഘട്ടത്തിലായിരിക്കുമ്പോള്‍ ശരീരം പുതിയ വെല്ലുവിളികള്‍ സമ്മാനിക്കാറുണ്ട്. ചില അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍ എന്റെ ശരീരം എന്നെ ബുദ്ധിമുട്ടിച്ചില്ല. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിച്ച സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് നന്ദി', ധോണി പറഞ്ഞു.

സീസണിലെ അവസാന മത്സരം കളിക്കുകയാണ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അവസാന മത്സരത്തില്‍ ഫലം മറന്ന് ക്രിക്കറ്റ് ആസ്വദിക്കുകയാണ് ചെയ്യേണ്ടതെന്നും ധോണി ആരാധകരോടായി പറഞ്ഞു. 'ജയമായാലും തോല്‍വിയായാലും മറക്കുക എന്നതാണ് പ്രധാനം. ജയിച്ചാലും തോറ്റാലും പോയിന്റ് പട്ടികയില്‍ നമ്മള്‍ അവസാന സ്ഥാനത്ത് തന്നെ തുടരും. നമ്മള്‍ നമ്മുടെ ക്രിക്കറ്റ് ആസ്വദിക്കണം,' ധോണി പറഞ്ഞു.

Content Highlights: MS Dhoni says his body is 'surviving' amidst IPL future speculation

dot image
To advertise here,contact us
dot image