'എതിരാളികളെ കണ്ണില്‍ നോക്കി സമ്മര്‍ദ്ദത്തിലാക്കാന്‍ അവന് കഴിയും'; ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ റെയ്ന

'ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ രോഹിത്തോ വിരാടോ ഇല്ല'

dot image

ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോഹ്ലിയും വിരമിച്ചതോടെ ടീമിനെ ഇനി ആര് നയിക്കും എന്നതാണ് ക്രിക്കറ്റ് ലോകത്തെ ചോദ്യം. ഒരു സീനിയര്‍ താരമെന്ന നിലയില്‍ രോഹിത് ശര്‍മ വിരമിച്ച സമയത്ത് കോഹ്ലിയെ ക്യാപ്റ്റനാകുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താരവും വിരമിച്ചതോടെ ഈ റിപ്പോര്‍ട്ടുകള്‍ അസ്ഥാനത്തായി.

നിലവില്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. ഗില്‍ അല്ലാതെ മറ്റൊരു പേര് ഉയരുന്നത് റിഷഭ് പന്ത് മാത്രമാണ്. സീനിയര്‍ താരം ബുംമ്ര ലഭ്യമാണെങ്കിലും ജസ്പ്രീത് ബുംമ്രക്ക് ഫിറ്റ്‌നെസ് പ്രശ്‌നമാകുമെന്നതിനാലാണ് സെലക്ടര്‍മാര്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ഇരുവരെയും പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ ശുഭ്മാന്‍ ഗില്‍ എത്തണമെന്ന പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സുരേഷ് റെയ്‌ന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായ ഗില്ലിന് കിരീടം നേടാനായാല്‍ ടെസ്റ്റ് ക്രിക്കറ്റിലും താരം അംഗീകരിക്കപ്പെടുമെന്നാണ് റെയ്‌ന പറയുന്നത്.

'ശുഭ്മാന്‍ ഗില്‍ ഐപിഎല്‍ ട്രോഫിക്ക് വേണ്ടി പരിശ്രമിക്കുകയാണ്. ഐപിഎല്ലില്‍ കിരീടം നേടിയാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ നയിക്കാന്‍ ഗില്ലിന് സാധിക്കും. അംഗീകാരം ലഭിക്കുക മാത്രമല്ല ഡ്രസിങ് റൂമില്‍ അദ്ദേഹത്തിന് വളരെ ബഹുമാനം ലഭിക്കുകയും ചെയ്യും', റെയ്‌ന പറഞ്ഞു.

'ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ രോഹിത്തോ വിരാടോ ഇല്ല. എതിരാളികളെ കണ്ണില്‍ നോക്കി സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. അതിന് വലിയ ഊര്‍ജ്ജവും സ്വഭാവവും ശരീരഭാഷയും ആവശ്യമാണ്. ശുഭ്മാന്‍ ഗില്ലിന് ആ കഴിവുണ്ട്', റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കാന്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ടൈറ്റന്‍സ് ഈ ആഴ്ച വീണ്ടും കളത്തിലിറങ്ങുന്നത്. ഈ ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ ടൈറ്റന്‍സ് നേരിടും.

Content Highlights: Suresh Raina believes Shubman Gill and GT winning IPL 2025 title will benefit Team India

dot image
To advertise here,contact us
dot image