
ഐപിഎല്ലിന്റെ ഈ സീസണിലെ അത്ഭുത താരമെന്നു വിളിക്കാവുന്നയാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരനായ ഓപണര്‍ വൈഭവ് സൂര്യവംശി. കന്നി സെഞ്ച്വറിയടക്കം നേടി അരങ്ങേറ്റ സീസണില്‍ തന്നെ വൈഭവ് സൂര്യവംശിക്ക് സാധിച്ചിരുന്നു. ടൂര്‍ണമെന്റ് ഈയാഴ്ച പുനരാരംഭിക്കാനിരിക്കെ സീസണിലെ ശേഷിച്ച മത്സരങ്ങളിലും ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇടംകൈയന്‍ ബാറ്റര്‍.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങൾ പുനഃരാരംഭിക്കാനിരിക്കെ വൈഭവിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു പ്രചാരണം വ്യാപകമാവുകയാണ്. ക്രിക്കറ്റ് കളിച്ചുനടന്ന് വൈഭവ് പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടു എന്ന തരത്തിലാണ് പ്രചാരണം. ക്രിക്കറ്റിനൊപ്പം പഠനവും താരം മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. അതിനിടെയാണ് താരം പത്താം ക്ലാസ് ബോര്‍ഡ് എക്‌സാം പരാജയപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണം ശക്തമാകുന്നത്.
വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷ തോറ്റെന്നും സംഭവത്തില്‍ ബിസിസിഐ ഇടപെട്ടെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ തോറ്റതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ പഠനവും ക്രിക്കറ്റും ഒരുമിച്ച് കൊണ്ടുപോവുക പ്രയാസമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടങ്ങി. ക്രിക്കറ്റിൽ മഴ മൂലം കളി തടസ്സപ്പെട്ടാല്‍ വിജയികളെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം (ഡിഎല്‍എസ് മെത്തേഡ്) ഉപയോഗിച്ച് 'പാവത്തിനെ ജയിപ്പിക്കണം' എന്ന് ചില ആരാധകര്‍ തമാശയ്ക്ക് പോസ്റ്റ് ചെയ്തു.
എന്നാല്‍ പ്രചരിക്കുന്ന കാര്യം സത്യമല്ല. കാരണം നിലവിൽ വൈഭവ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എന്നതാണ് സത്യം. ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലെ താജ്പൂരില്‍ മോഡസ്റ്റി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വൈഭവ് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. അതുകൊണ്ടുതന്നെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ അദ്ദേഹം പരാജയപ്പെട്ടോ എന്ന ചോദ്യം പോലും പ്രസക്തമല്ല.
ഇൻസ്റ്റഗ്രാമിലെ 'സറ്റയറോളജി' എന്ന അക്കൗണ്ടാണ് വൈഭവ് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ തോറ്റെന്ന തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ ഈ ആക്ഷേപഹാസ്യം പലരും ഗൗരവമായി എടുക്കുകയും അത് ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയുമായിരുന്നു. അതേ പോസ്റ്റില്‍, 'ഇത് യഥാര്‍ത്ഥ വാര്‍ത്തയല്ല. ഈ പോസ്റ്റും പേജും പൂര്‍ണമായും ആക്ഷേപഹാസ്യമാണ്. ഈ പോസ്റ്റ് വിനോദ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്' എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
Content Highlights: RR star Vaibhav Suryavanshi has FAILED in CBSE board exam, know the truth about viral news