
ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോഹ്‌ലിക്ക് ആശംസകളുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടെസ്റ്റ് ക്രിക്കറ്റിന്റെ എക്കാലത്തെയും വലിയ അംബാസിഡർ എന്നാണ് ഐപിഎല്ലിൽ താരത്തിന്റെ ക്ലബായ ആർസിബി സോഷ്യൽ മീഡിയയിൽ കുറിച്ചത്. താരത്തിന്റെ ടെസ്റ്റിലെ മഹത്തായ നേട്ടങ്ങളും ആർസിബി പങ്കുവെച്ചിട്ടുണ്ട്.
യുഗം അവസാനിച്ചാലും പാരമ്പര്യം നിലനിൽക്കുമെന്ന് ബിസിസിഐയും സോഷ്യൽ മീഡിയയിൽ കുറിച്ചു. എല്ലാം കൊണ്ടും ഇന്ത്യൻ ക്രിക്കറ്റിനും ക്രിക്കറ്റിനും തീരാ നഷ്ടമാണെന്നും എന്നാൽ യുവ തലമുറയ്ക്ക് അവസരം കൊടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുമെന്നും മറ്റൊരു പോസ്റ്റിൽ ബിസിസിഐ കുറിച്ചു. നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളും ക്ലബുകളും രാജ്യങ്ങളും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം.
'ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങോട്ടൊക്കെ കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇത് എന്നെ പരീക്ഷിച്ചു, പുതിയൊരാളായി രൂപപ്പെടുത്തി, ജീവിതത്തിൽ പുതിയ പാഠങ്ങൾ പഠിപ്പിച്ചു.'
'ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള ജഴ്സി ധരിച്ച് കളിക്കുമ്പോൾ ഏറെ സന്തോഷമാണ്. അഞ്ച് ദിവസം നീണ്ട മത്സരങ്ങൾ, ശാന്തതയും കഠിനാദ്ധ്വാനവും നീണ്ട നിമിഷങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റിനായി ഞാൻ കഠിനാദ്ധ്വാനം ചെയ്തു. അതിനേക്കാൾ എത്രയോ അധികം ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെ നൽകി.'
'ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാൻ വിടവാങ്ങുന്നു. ക്രിക്കറ്റിനോടും സഹതാരങ്ങളോടും എന്നെ കരുത്തരാക്കിയ ഓരോ വ്യക്തികളോടും നന്ദി പറയുന്നു. എക്കാലവും ഞാൻ ടെസ്റ്റ് കരിയറിനെ സന്തോഷത്തോടെ നോക്കും. ടെസ്റ്റ് ക്യാപ് #269 ഇനിയില്ല.' വിരാട് കോഹ്‍ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോഹ്‍ലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്.
കഴിഞ്ഞ ദിവസമാണ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന ആവശ്യം ബിസിസിഐ മുന്നോട്ട് വച്ചെങ്കിലും കോഹ്‌ലി തീരുമാനത്തിൽ ഉറച്ചുനിന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
താരത്തെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളുമായി ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഈ ശ്രമവും വിജയിച്ചില്ല. നേരത്തെ മുൻ താരങ്ങൾ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ തയ്യാറാകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ തന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോഹ്‌ലി സഹതാരങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കോഹ്‌ലിക്ക് സാധിച്ചിരുന്നില്ല.
എന്നാൽ പിന്നീടുള്ള ചാമ്പ്യൻസ് ട്രോഫിയിലും ഇപ്പോൾ നടക്കുന്ന ഐപിഎല്ലിലും താരം തിളങ്ങിയിരുന്നു. ടെസ്റ്റിൽ പതിനായിരം റൺസിന് വളരെ അടുത്ത് നിൽക്കുന്ന താരം കുറച്ചുകൂടി കാലം കളിക്കണമെന്ന ആവശ്യം ആരാധകരും ഉന്നയിച്ചതോടെ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. എന്നാൽ ഏവരെയും വിഷമിപ്പിക്കുന്നത് കൂടിയാണ് ഈ വാർത്ത. കാലങ്ങളോളം സഹതാരമാവും നിലവിലെ ക്യാപ്റ്റനുമായിരുന്ന രോഹിത് ശർമയുടെ അപ്രതീക്ഷിത വിടവാങ്ങലും താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് സൂചന.
Content Highlights: Virat Kohli announced his retirement from test cricket