
നിരോധിത മരുന്ന് ഉപയോഗിച്ചതിന് ഈയിടെ ക്രിക്കറ്റിൽ നിന്നും വിലക്ക് നേരിട്ട ദക്ഷിണാഫ്രിക്കൻ പേസറാണ് കഗിസോ റബാഡ. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമായിരുന്ന റബാഡ ടൂർണമെന്റിനിടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ശേഷം ഖേദപ്രകടനത്തിന് ശേഷം താരത്തെ വിലക്ക് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നീക്കുകയും താരം ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. നേരത്തെ വ്യക്തിപരമായ കാരണങ്ങളാലാണ് താരം നാട്ടിലേക്ക് മടങ്ങിയത് എന്നാണ് ഗുജറാത്ത് മാനേജ്‌മെന്റ് പറഞ്ഞിരുന്നത്.
എന്നാലിതാ റബാഡ ഉപയോഗിച്ച ഉത്തേജക മരുന്ന് കൊക്കെയ്ന്‍ ആയിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിന് മുമ്പ് താരമോ ക്ലബോ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡോ ഏത് മരുന്നാണ് ഉപയോഗിച്ചത് എന്നത് വെളിപ്പെടുത്തയിരുന്നില്ല.
ഫെബ്രുവരിയിൽ എസ്എ20 ലീഗിനിടെ നടത്തിയ പരിശോധനയിലാണ് റബാഡ പരാജയപ്പെട്ടത്. ഗുജറാത്ത് ടൈറ്റൻസ് താരമായ റബാഡ സീസണിൽ 2 മത്സരം മാത്രം കളിച്ച ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുകയായിരുന്നു. താരലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഗുജറാത്ത് റബാഡയെ സ്വന്തമാക്കിയത്.
Content Highlights: Kagiso Rabada tested positive for cocaine: Report