
ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി പഞ്ചാബ് കിങ്‌സ് താരം യുസ്വേന്ദ്ര ചഹലിന് തന്റെ ബാറ്റ് സമ്മാനമായി നൽകി. ധോണിയുടെ ബാറ്റ് സമ്മാനമായി കിട്ടിയതോടെ സന്തോഷത്തിൽ ഡ്രസ്സിങ്ങ് റൂമിലെത്തിയ താരത്തെ സഹതാരം ഗ്ലെൻ മാക്‌സ്‌വെല്‍ ഗംഭീരമായി ട്രോളുകയും ചെയ്തു. പഞ്ചാബ് കിങ്‌സ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ട്രെൻഡിങ് ആകുന്നത്.
നിനക്കെന്തിനാണ് ഈ ബാറ്റ് എന്ന് മാക്‌സ്‌വെൽ ചോദിക്കുമ്പോൾ അടിച്ചുകളിക്കാൻ എന്ന് പറയുന്ന ചഹലിനോട് അതിന് നീ ഇത് വരെ ഈ സീസണിൽ ബാറ്റിങ്ങിന് ഇറങ്ങിയിട്ടില്ലലോ എന്നും ഇനിയും നിന്നെ ഇംപാക്‌ട് സബ്സിറ്റ്യൂട്ട് ആയിട്ടാവും ടീം കളിപ്പിക്കുക എന്നും മാക്സി തമാശപൂർവം പറയുന്നുണ്ട്. സമീപത്തുണ്ടായിരുന്ന യുവതാരം പ്രിയാൻഷ് ആര്യയും ചഹലിനെ ട്രോളി. ഹരിയാനയില്‍ നിന്നുള്ള ഒരു താരം ഉറപ്പായും ആ ബാറ്റ് സ്വന്തമാക്കുമെന്നായിരുന്നു പ്രിയാൻഷിന്റെ വാക്കുകള്‍. ഹരിയാന താരമാണ് പ്രിയാൻഷ്.
അതേസമയം സീസണില്‍ ഇതുവരെ ഒരു പന്ത് പോലും നേരിടാൻ ചഹലിനായിരുന്നില്ല. എല്ലാ മത്സരങ്ങളിലും ചഹലിനെ ഇംപാക്‌ട് പ്ലെയറായാണ് പഞ്ചാബ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയായിരുന്നു ചഹലിന് അരങ്ങേറ്റ മത്സരത്തില്‍ ക്യാപ് നല്‍കിയത്. ഇന്നത്തെ ചെന്നൈ-പഞ്ചാബ് മത്സരത്തിന് മുന്നോടിയായാണ് ഇരുവരും കണ്ടുമുട്ടിയത്. ഐപിഎൽ 2025 സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് ചഹൽ ഒമ്പത് വിക്കറ്റുകൾ നേടിയിട്ടുണ്ട്.
Content Highlights: Maxwell mocks Yuzvendra Chahal after MS Dhoni's gift:VIDEO